ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ജെ.എൻ.യു സന്ദർശനം വൻവിവാദമായിരുന്നു. സന്ദർശനത്തിന് പിന്നാലെ ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ചപ്പാക്ക് ബഹിഷ്കരിക്കാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ചിത്രത്തിന്റെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. ചപ്പാക്കിന്റെ പ്രമോഷന് വേണ്ടിയാണ് താരം കാമ്പസിൽ എത്തിയത് എന്നുവരെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബി.ജെ.പിയുടെ ആഹ്വാനത്തിന് പിന്നാലെ ചിത്രത്തിനുള്ള വിനോദനികുതി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സംസ്ഥാനങ്ങൾ ഒഴിവാക്കി താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷേ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ ദീപികയ്ക്ക് നൽകുന്നത് ശുഭകരമായ വാർത്തകളല്ല. ചപ്പാക്കിനൊപ്പം എത്തിയ അജയ് ദേവ്ഗണിന്റെ തൻഹാജി: ദി അൺസംഗ് വാരിയർ ആദ്യ ദിവസം വൻ കുതിപ്പാണ് നടത്തിയത്.
ആദ്യ ദിവസം 4.75 കോടി രൂപയാണ് ചപ്പാക്ക് നേടിയത്. അതേ സമയം 15. 10 കോടിയായിരുന്നു തൻഹാജിയുടെ കളക്ഷന്‍. ചപ്പാക്കിന്റെ രാവിലത്തെ കളക്ഷൻമികച്ചതായിരുന്നു. അതിനാൽ വൈകുന്നേരത്തോടെ കളക്ഷൻ ഉയരും എന്നാണ് ട്രേഡ് എക്‌സ്പർട്ടുകൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിചാരിച്ച കുതിപ്പു നേടാൻ ചിത്രത്തിനായില്ല.
5-7 കോടി വരെ ആദ്യ ദിവസം ചപ്പാക്ക് നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തൻഹാജി 10- 14 കോടിയും. ദീപികയുടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷൻ നേടാനായില്ല. എന്നാൽ അജയ് ദേവ്ഗൺ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം കാഴ്ചവച്ചു.
ബഡ്ജറ്റിന്റെ കാര്യത്തിലും താരങ്ങളുടെ കാര്യത്തിലും വ്യത്യസ്തമാണ് ഇരു ചിത്രങ്ങളും. നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം ചർച്ചചെയ്യുന്ന റിയലിസ്റ്റ് ഡ്രാമയാണ് ചപ്പാക്ക്. 3500ൽ അധികം തിയേറ്ററുകളിലായിട്ടാണ് തൻഹാജി റിലീസ് ചെയ്തത്. 1500- 2000 കേന്ദ്രങ്ങളിലാണ് ചപ്പാക്ക് എത്തിയത്.
എന്നാല്‍ വരും ദിവസങ്ങളില്‍ ഇരു സിനിമകളും മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘ്‌ന ഗുൽസറാണ് ചപ്പാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ദീപിക തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഓം റൗത്താണ് തൻഹാജി സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം സെയ്ഫ് അലി ഖാൻ, കജോള്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചപ്പാക്ക് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കൾ തൻഹാജി കാണാനാണ് ആഹ്വാനം ചെയ്തത് എന്നതും ശ്രദ്ധേയമാണ്.