team-india

ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി -20 പരമ്പര 2-0ത്തിന് സ്വന്തമാക്കി ഏകദിനത്തിൽ ആസ്ട്രേലിയയുടെ വെല്ലുവിളി നേരിടാനൊരുങ്ങുകയാണ് ടിം ഇന്ത്യ. മുംബയിലെ വാങ്കടെയിൽ 14നാണ് ആസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പര തുടങ്ങുന്നത്. പരിചയ സമ്പത്ത് കുറഞ്ഞ ലങ്കയെ വീഴ്ത്തിയ പോലെ എളുപ്പമാകില്ല പഴയകരുത്തിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനകൾ നൽകിക്കഴിഞ്ഞ ആസ്ട്രേലിയക്കെതിരായ പോരാട്ടം. സമീപകാലത്ത് മികച്ച വിജയങ്ങളുമായി എതിരാളികളെ തകർക്കുന്ന ആസ്ട്രേലിയയെ കീഴടക്കുകയെന്നത് സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഉണ്ടെങ്കിലും ഇന്ത്യയ്ക്ക് കഠിനമേറിയ കാര്യം തന്നെയായിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര നഷ്ടമാക്കിയതിന് ഇവിടെ നടന്ന ട്വന്റി-20 പരമ്പര സ്വന്തമാക്കി പകരം വീട്ടിയ ടീമാണ് ആസ്ട്രേലിയ. കഴിഞ്ഞ തവണ ഇന്ത്യയെ നാട്ടിൽ തോൽപ്പിച്ച ഏകടീമും ആസ്ട്രേലിയയാണ്. സ്മിത്ത്, വാർണർ എന്നിവർ വിലക്കിന് ശേഷം തിരിച്ചെത്തിയതോടെ ആസ്ട്രേലിയ കൂടുതൽ അപകടകാരികളായിരിക്കുയാണ്. 17, 19 തിയതികളിലാണ് പരമ്പരയിലെ മറ്ര് രണ്ട് മത്സരങ്ങൾ.

കിവി പര്യടനത്തിനുള്ള

ടീം ഇന്ന്
ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ട്വന്റി-20 കളും 3 ഏകദിനങ്ങളും 2 ടെസ്റ്ര് മത്സരങ്ങളുമാണ് ആറാഴ്ച നീളുന്ന പര്യടനത്തിലുള്ളത്. സഞ്ജു സാംസൺ ട്വന്റി-20 ടീമിലുണ്ടാകുമോയെന്നാണ് മലയാളികൾ ആകാംഷയോടെ ഉറ്രുനോക്കുന്നത്.

സഞ്ജു കിവീസിലേക്ക് പറന്നു

ലങ്കയ്ക്കെതിരായ അവസാന മത്സരത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡ് പര്യടനത്തിന് തിരിച്ചു. സമ്മാനദാനച്ചടങ്ങിന് പോലും നിക്കാതെ സഞ്ജു ഇന്ത്യ എ ടീമിനൊപ്പം ചേരുകയായിരുന്നു.