ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക പദവി എടുത്തുകളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിൽ ആക്കിയ നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവരെ കേന്ദ്രസർക്കാർ മോചിപ്പിച്ചേക്കും. ഉപാധികളോടെയായിരിക്കും മോചനമെന്നാണ് റിപ്പോർട്ട്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് തത്കാലം വിട്ടുനില്‍ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാകും ഇരുവരെയും മോചിപ്പിക്കുക. ഇവരെ ബ്രിട്ടനിലേക്ക് പോകാനും അനുവദിച്ചേക്കും. വ്യവസ്ഥകൾ അംഗീകരിച്ചാൽ ഉടൻ മോചനം സാദ്ധ്യമാകുമെന്നാണ് വിവരം.
81കാരനായ ഫാറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ വസതിയിലാണ് തടവിലാക്കിയിരിക്കുന്നത്. ഒമർ അബ്ദുള്ളയെ സമീപമുള്ള സർക്കാർ അതിഥി മന്ദിരത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇരുവരും കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകളെതുടർന്നാണ് ഉപാധികളോടെ മോചിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. ഇരുവരെയും ബ്രിട്ടനിൽ പോകാൻ അനുവദിക്കും. അവിടെനിന്ന് പാർട്ടിയിലെ മറ്റ് നേതാക്കൾ മുഖേന കാശ്മീരിൽ രാഷ്ട്രീയപ്രവർത്തനം നടത്താൻ ഇവരെ അനുവദിക്കും.
കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന 26 നേതാക്കളെ സർക്കാർ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. എന്നാൽ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കമുള്ള മറ്റ് നേതാക്കളുടെ മോചനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായില്ല.