pinarayi-vijayan-

ന്യൂഡൽഹി: അങ്കമാലി -ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ‌. സംസ്ഥാനത്തിന്റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നും കേന്ദ്രസർക്കാർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. പദ്ധതി ഒറ്റയ്ക്ക് നടപ്പിലാക്കാൻ റെയിൽവേയ്ക്ക് കഴിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

നിർമ്മാണച്ചെലവ് തനിച്ച്‌ വഹിക്കാനാകില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.അങ്കമാലി-ശബരിമല റെയിൽപ്പാത പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നിസഹകരണം ശ്രദ്ധയിൽപ്പെടുത്താനാണ് കത്തെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി. 1997-98ലെ റെയിൽവേ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയായിരുന്നു ഇതെന്നും 550 കോടി രൂപയാണ് പദ്ധതിക്കായി അന്ന് നീക്കിവെച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2006 മേയ് മാസത്തിൽ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമിക്ക് ആവശ്യമായ തുക അനുവദിച്ചിരുന്നു.


ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രദേശവാസികളുടെ പ്രതിഷേധവും സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കാരണം പദ്ധതി മുന്നോട്ടുപോകുന്നില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.