ന്യൂഡൽഹി: തലസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി. പ്രചാരണത്തിന്റെ ആദ്യ ഘട്ടമെന്നോണം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ആണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. സ്മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് ബി.ജെ.പിയുടെ തിരഞ്ഞടുപ്പ് പ്രചാരണം. അരവിന്ദ് കെജ്‌രിവാളിനെ നിഷ്പ്രയാസം നേരിടാൻ സ്മൃതി ഇറാനിക്ക് സാധിക്കുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്.
പ്രചരണത്തിന്റെ ഭാഗമായി ഡൽഹിയിൽ സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ പരമാവധി റാലികൾ സംഘടിപ്പിക്കും. മാത്രമല്ല സ്മൃതിയുടെ തനതായ പ്രസംഗ ശൈലിയും പ്രതിപക്ഷ നേതാക്കൾക്ക് നേരെയുള്ള ചടുലമായ ആക്രമണങ്ങളും തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. സുഷമ സ്വരാജിന് ശേഷം ഡൽഹിയിൽ ബി.ജെ.പിയുടെ പ്രചരണം ഒരു വനിത മുന്നിൽ നിന്ന് നയിക്കുന്നത് നാളുകളാണ് വരാൻ പോകുന്നതെന്ന് തലസ്ഥാനത്തെ ബി.ജെ.പി വക്താവ് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
സ്മൃതി ഇറാനിയുടെ പേര് ബി.ജെപി. ഉയർത്തിയതോടെ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും ചങ്കിടിപ്പ് വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ദീപിക പദുക്കോണിനെ വിമർശിച്ച് സ്‌മൃതി രംഗത്തെത്തിരുന്നു.'ദീപികയുടെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയാം. ഇന്ത്യയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ദീപിക കൂടിയത് അപ്രതീക്ഷിതമല്ല. 2011ൽ കോൺഗ്രസിനെ പിന്തുണച്ചതുമുതൽ ദീപികയുടെ രാഷ്ട്രീയബന്ധം അവർ വെളിപ്പെടുത്തിയതാണ്. ജനം ഇപ്പോൾ അദ്ഭുതപ്പെടുന്നുണ്ടെങ്കിൽ അവർക്ക് ഇക്കാര്യം അറിയാത്തതുകൊണ്ടാണ്. ഒരുകാര്യം മനസിലാക്കണം, ഓരോ തവണയും സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെടുമ്പോൾ ആഘോഷിക്കുന്നവർക്കൊപ്പമാണ് അവർ നിൽക്കുന്നത്. പെൺകുട്ടികളെ കണ്ണുപൂട്ടി തല്ലിയവർക്കൊപ്പമാണ് ദീപിക ചേർന്നത്. അതവരുടെ സ്വാതന്ത്ര്യമായിരിക്കാം. '– സ്മൃതി ഇറാനി പറഞ്ഞു.