കൊച്ചി: ഇമചിമ്മാതെ കേരളം മരടിലേക്ക് മിഴി തുറന്നപ്പോൾ ഹോളിഫെയ്ത്ത് എച്ച് 2 ഒയും ആൽഫ സെറീനിലെ ഇരട്ടടവറുകളും മിന്നൽ വേഗത്തിലാണ് മണ്ണിലമർന്നത്. അതിന് പിന്നിൽ പ്രകടമായത് ശാസ്ത്രത്തിന്റെ വളർച്ചയാണ്.
ഇംപ്ളോഷൻ
കെട്ടിടം പൊടിഞ്ഞ് ഉള്ളിലേക്കമരുന്ന നിയന്ത്രിത സ്ഫോടനമാണ് നടത്തിയത്. എമൽഷൻ എക്സ്പ്ളോസീവാണ് ഉപയോഗിച്ചത്.
ഇടിമിന്നലോ മറ്റോ വന്നാൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന ഇലക്ട്രിക് ഡിറ്റനേറ്ററിന് പകരം ഡിലേ ഇലക്ട്രിക് ഡിറ്റനേറ്ററാണ് ഉപയോഗിച്ചത്. എമൽഷൻ എക്സ്പ്ളോസീവിന്റെ അളവ് കുറച്ച് ഡിലേ ഡിറ്റനേറ്ററിന്റെ അളവ് കൂട്ടി പൊളിക്കൽ സുഗമമാക്കി. ഇതുകാരണം സ്ഫോടനത്തിന്റെ ആഘാതം കുറഞ്ഞു, ശബ്ദം കൂടി.
ഹോളിഫെയ് ത്ത് എച്ച് 2 ഒ
നില : 19
കമ്പനി
മുംബയ് എഡിഫൈസ് എൻജിനിയറിംഗ് ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡെമോളിഷനുമായി ചേർന്നുള്ളത്
സ്ഫോടനം
1471 ദ്വാരങ്ങളിൽ നിറച്ചത് 212.4 കിലോഗ്രാം എമൽഷൻ എക്സ്പ്ലോസീവ്. കുണ്ടന്നൂർ-തേവര പാലത്തിന് താഴെ സ്ഥാപിച്ച ബ്ളാസ്റ്റ് ഷെഡിലുള്ള ബ്ളാസ്റ്റർ പ്രവർത്തിപ്പിച്ചതോടെ താഴെ നിലയിലുണ്ടായിരുന്ന ഡിലെ ഇലക്ട്രിക് ഡിറ്റനേറ്ററിലേക്ക് വൈദ്യുതി പ്രവഹിക്കുന്നു. ഡിറ്റനേറ്ററിൽ നിന്ന് സ്ഫോടക വസ്തു ഉള്ളിൽ തേച്ചുപിടിപ്പിച്ച നോണൽ വഴി സെക്കൻഡിൽ 2000 മീറ്റർ വേഗതയിൽ തീപ്പൊരി ഡിറ്റനേറ്റിംഗ് ഫ്യൂസിലേക്ക്. ഫ്യൂസ് പൊട്ടിത്തെറിച്ച് ഓരോ നിലകളിലെയും സ്ഫോടകവസ്തുക്കളിലേക്ക്.
ഗ്രൗണ്ട് ഫ്ലോറിൽ ആദ്യ സ്ഫോടനം. 17 മില്ലി സെക്കൻഡിനു ശേഷം ഒന്നാംനിലയിൽ, 25 മില്ലി സെക്കൻഡിനു ശേഷം 5, 8 നിലകളിൽ, 200 മില്ലി സെക്കൻഡ് കഴിഞ്ഞ് 11, 14 നിലകളിൽ സ്ഫോടനം. 5 സെക്കൻഡിനുള്ളിൽ ഒരുവശം 37 ഡിഗ്രിയും മറുവശം 46 ഡിഗ്രിയും ഗേറ്റിന് മുൻവശത്തേക്ക് ചരിഞ്ഞ് ഇംഗ്ലീഷ് അക്ഷരമാലയിലെ വി ആകൃതിയിൽ കെട്ടിടം താഴേക്ക്.
ആൽഫ സെറീൻ
നില: 16 വീതം
കമ്പനി
ചെന്നൈ വിജയ് സ്റ്റീൽസ്
സ്ഫോടനം
രണ്ട് കെട്ടിടങ്ങളിലുമായി 1476 ദ്വാരങ്ങൾ. ഒരു ടവറിൽ 75 കിലോഗ്രാമും രണ്ടാമത്തേതിൽ 265 കിലോഗ്രാമും എമൽഷൻ എക്സ്പ്ലോസീവ്.
കൊച്ചി റിഫൈനറി കോർപറേറ്റീവ് കമ്മ്യൂണിറ്റി ഓഫീസിലെ ലിഫ്റ്റിനടുത്ത് ബ്ളാസ്റ്റിംഗ് പോയിന്റിൽ നിന്ന് ബ്ളാസ്റ്റർ പ്രവർത്തിപ്പിച്ചതോടെ ആദ്യ സ്ഫോടനം.
17 മില്ലി സെക്കൻഡിന് ശേഷം രണ്ടാംനില, 200 മില്ലി സെക്കൻഡിനു ശേഷം ഏഴാം നില, 400 മില്ലി സെക്കൻഡിന് ശേഷം 11, 14 നിലകളിൽ സ്ഫോടനം.
ശേഷം 45 ഡിഗ്രി ചെരിഞ്ഞ് രണ്ട് ഫ്ലാറ്റുകളുടെ ഇടയിലെ പുൽത്തകിടിയിലേക്ക് ഒന്നാം ടവർ പൂർണമായി പതിച്ചു. രണ്ടാം ടവറിന്റെ അല്പഭാഗം കായലിലേക്കും വീണു.
മരട് : വിധിയും കാലവും
1995 : ഫ്ളാറ്റുകൾ നിർമ്മിക്കാൻ മരട് ഗ്രാമപഞ്ചായത്ത് അനുമതി നൽകുന്നു.
1996 : തീരദേശ പരിപാലന നിയമം പ്രാബല്യത്തിൽ.
2005 : ഫ്ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി. നിർമ്മാണം നിറുത്താൻ പഞ്ചായത്ത് നോട്ടീസ്. ഫ്ളാറ്റുടമകൾ നൽകിയ ഹർജിയിൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി.
2010 : മരടിനെ മുനിസിപ്പാലിറ്റിയായി ഉയർത്തി. മുനിസിപ്പാലിറ്റി അപ്പീൽ നൽകിയെങ്കിലും തള്ളി.
2011: തീരദേശ പരിപാലന വിജ്ഞാപനം പുറപ്പെടുവിച്ചു. മരട് സോൺ രണ്ടിൽ.
2012 : ഫ്ളാറ്റുകൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സിംഗിൾ ബെഞ്ച് റദ്ദാക്കി.
2015 : മുനിസിപ്പാലിറ്റി നൽകിയ അപ്പീലിൽ തീരദേശ പരിപാലന അതോറിറ്റി കക്ഷി ചേർന്നു. അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. അതോറിറ്റി സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
2018 : മരടിലെ സോൺ നിശ്ചയിക്കാൻ സുപ്രീം കോടതി സമിതിയെ നിയോഗിച്ചു. സോൺ മൂന്നിലെന്ന് സമിതി റിപ്പോർട്ട്. കെട്ടിട നിർമ്മാണ അനുമതി നൽകിയത് അതോറിറ്റിയുടെ അംഗീകാരം വാങ്ങാതെയെന്നും സമിതി.
2019 മേയ് 8: ഒരു മാസത്തിനകം പൊളിക്കാൻ സുപ്രീം കോടതി ഉത്തരവ്.
2019 സെപ്തംബർ 6: റിട്ടുകളും റിവ്യൂ ഹർജികളും തള്ളി. സമയബന്ധിതമായി പൊളിക്കാൻ ഉത്തരവ്.
2019 സെപ്തംബർ 27 : ഫ്ളാറ്റുമകൾക്ക് 25 ലക്ഷം രൂപ വീതം ആദ്യഘട്ട നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.