രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ പിറന്ന ഹിറ്റ് ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേര്‍ഷന്‍ 5.25. സുരാജ് വെഞ്ഞാറമൂടും സൗബിനും നായക വേഷം ചെയ്ത ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയത് റോബോട്ടായെത്തിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പനാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ റോബോട്ടിനെ നെഞ്ചിലേറ്റി. അതേസമയം സോഷ്യൽ മീഡിയയിൽ കുഞ്ഞപ്പനെ കുറിച്ചുള്ള ചർച്ചകളും സജീവമായി.
ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകർ റോബോട്ടിനെ ഉണ്ടാക്കിയതാണെന്നും റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നും അഭിപ്രായമുയർന്നു. എന്നാൽ ഇപ്പോൾ കുഞ്ഞപ്പന്റെ രഹസ്യം പുറത്തുവിട്ട് അണിയറപ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് യഥാർഥ കുഞ്ഞപ്പനായി എത്തിയത്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും സുരാജും കൂടിയാണ് കുഞ്ഞപ്പനാരാണെന്നുള്ള രഹസ്യം തുറന്നു പറഞ്ഞത്.
ചിത്രത്തിന് വേണ്ടി കുറച്ച് കഷ്ടപ്പെട്ടെന്നും പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും സൂരജ് പറയുന്നു. സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ആദ്യം സങ്കടം തോന്നിയിരുന്നു. അഞ്ച് കിലോഗ്രാം തൂക്കമാണ് സ്യൂട്ടിന് ഭാരമുണ്ടായിരുന്നത്. ഷൂട്ടിങ് കഴിയുമ്പോഴേക്കും വിയർത്ത് കുളിച്ചെന്നും സൂരജ് പറഞ്ഞു. ഡയലോഗ് പഠിക്കേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും അഭിനയിക്കുന്നവരുടെ സൗകര്യത്തിനായി സൂരജ് ഡയലോഗ് കാണാപ്പാഠം പഠിച്ചെന്ന് സൈജു കുറുപ്പ് പറഞ്ഞു. അതേസമയം ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ വ്യക്തമാക്കി.