അഡാർ ലവ് എന്ന ഒറ്റ സിനിമകൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നൂറിൻ ഷെരീഫ്. സോഷ്യൽ മീഡിയയിലും നൂറിൻ സജീവമാണ്. പ്രണയത്തിലാണെന്ന രീതിയിൽ കഴിഞ്ഞ ദിവസം നൂറിൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. ചിത്രം ആരാധക ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വൻചർച്ചയ്ക്കും വഴിതെളിച്ചു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നൂറിൻ ഷെരീഫ്.
കോർത്തു പിടിച്ചിരിക്കുന്ന കൈകളുടെ ചിത്രമാണ് നൂറിന്‍ പോസ്റ്റ് ചെയ്തത്. ‘എന്റെ ജീവിതത്തിൽ നീയുള്ളതിനാൽ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ’ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൂറിൻ കുറിച്ചു.
ആർക്കൊപ്പമുള്ള ചിത്രമാണ് നൂറിൻ പങ്കുവച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലായി അതോടെ ആരാധകർ. നിരവധി പേരാണ് നൂറിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ, ആരാണ് തന്റെ പ്രണയനായകനെന്ന് നൂറിൻ വെളിപ്പെടുത്തിയില്ല.
സിനിമ രംഗത്തു നിന്നുള്ളവരും ഇതേ സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എല്ലാവിധ ആശംസകളും നേരുന്നതായി സംവിധായകൻ ഒമർ ലുലു കമന്റ് ചെയ്‌തു. വിവാഹത്തെ കുറിച്ചാണോ നൂറിൻ പറഞ്ഞിരിക്കുന്നതെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമല്ലായിരുന്നു. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്റെ പ്രണയനായകനെ നൂറിൻ വെളിപ്പെടുത്തുമെന്ന വിശ്വാസത്തിൽ അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ.
എന്നാൽ, കാത്തിരുന്ന ആരാധകരെയെല്ലാം അമ്പരപ്പിച്ച് നൂറിൻ ആ രഹസ്യം വെളിപ്പെടുത്തി. താൻ പങ്കുവച്ച ചിത്രത്തിലെ കെെകൾ ‘ഫെയ്‌ക്ക്’ ആയിരുന്നു എന്ന് നൂറിൻ പുതിയ പോസ്റ്റിലൂടെ പറയുന്നു. ‘തെറ്റിദ്ധരിച്ച’ എല്ലാ ആരാധകർക്കും നൂറിൻ നൽകിയ മറുപടി ഇങ്ങനെ: ഞാൻ ഞാൻ ആയിരിക്കുന്നതിൽ സന്തോഷിക്കുന്ന വ്യക്തിയാണ്. ഞാൻ ഇപ്പോഴും എന്നെ തന്നെയാണ് സ്‌നേഹിക്കുന്നത്. അക്കാര്യം ലോകം മുഴുവൻ പറയുന്നതിൽ വലിയ സന്തോഷമുണ്ട്”. ‘ഫെയ്ക്ക് ഹാൻഡ് മെയ്‌ക്കപ്പ്’ ആണ് താൻ നടത്തിയതെന്ന് നൂറിൻ വെളിപ്പെടുത്തുന്നു.