വേദനയുടെയും കണ്ണീരിന്റെയും ഇടമാണ് ഓരോ ആശുപത്രികളും. ജീവിതത്തിന്റെ നിസാരത മനസിലാക്കി തരുന്ന പാഠശാലകളാണവ. അതേസമയം, ജീവന്റെയും മരണത്തിന്റെയും നൂലിടയിൽ നമ്മെ പുതിയൊരാളാക്കി മാറ്റാൻ കഴിവുള്ള അദ്ഭുത ഭൂമിയുമാണ് ഇവിടം. ആശുപത്രിയിലെ അകത്തളങ്ങളിൽ ജീവന്മരണ പോരാട്ടങ്ങൾക്കിടയിൽ ദൈവത്തെയും മാലാഖമാരേയും കണ്ടുമുട്ടാറുണ്ട്. അത്തരത്തിലൊരു മാലാഖയുടെ ജീവിതമാണിത്. രാജ്യം കാക്കുന്ന ജവാന്മാർക്കായി ആതുരസേവനം നടത്തി രാഷ്ട്രപതിയിൽ നിന്ന് വിശിഷ്ടസേവാ മെഡൽ കരസ്ഥമാക്കിയ മേജർ ജനറൽ അന്നക്കുട്ടി ബാബു എന്ന പത്തനംതിട്ടക്കാരിയുടെ കഥ. കുടുംബമുൾപ്പെടെയുള്ള ജീവിതത്തിലെ എല്ലാ സന്തോഷങ്ങളുടെയും താളുകൾ അടച്ചുവച്ച് രാജ്യം കാക്കാൻ ഇറങ്ങിയവർ മുറിവേറ്റ് വീഴുമ്പോൾ ആദ്യമെത്തുക മിലിട്ടറി ആശുപത്രികളിലേക്കാണ്. അങ്ങനെ ഉറ്റവരും ഉടയവരും അടുത്തില്ലാതെ വേദനകളിൽ നീറിയ ആയിരക്കണക്കിന് പട്ടാളക്കാരുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നൽകി ശുശ്രൂഷിച്ചതിനാണ് ധീരയായ അന്നക്കുട്ടി ആദരിക്കപ്പെട്ടത്. മിലിട്ടറി നഴ്സിംഗ് സർവീസിലെ ഉയർന്ന പദവിയായ മേജർ ജനറൽ സ്ഥാനത്തെത്തിയ, വിശിഷ്ട സേവാ മെഡലും നാഷണൽ ഫ്ളോറൻസ് നൈറ്റിംഗേൽ മെഡലും കരസ്ഥമാക്കിയ ആദ്യ മലയാളി വനിത കൂടിയാണ് അന്നക്കുട്ടി.
കൂത്താട്ടുകുളത്തു നിന്ന് സേനയിലേക്ക്
എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം ഒലിയപുരം പുത്തൻപുരയ്ക്കൽ മത്തായിയുടെയും ഏലിയാമ്മയുടെയും മകളായി 1959ലാണ് അന്നക്കുട്ടിയുടെ ജനനം. മേരിക്കുട്ടി, ഏലിക്കുട്ടി, ജോസുകുട്ടി എന്നിവർ സഹോദരങ്ങൾ. മത്തായിക്ക് കൃഷിപ്പണിയായിരുന്നു. ഏലിയാമ്മ വീട്ടമ്മയും. പഠനത്തിൽ ശരാശരിക്കാരിയായിരുന്നു അന്നക്കുട്ടി. ആതുരസേവന രംഗത്ത് പ്രവർത്തിക്കണമെന്നതായിരുന്നു കുട്ടിക്കാലം മുതലുള്ള ആഗ്രഹം. കൂത്താട്ടുകുളം ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂളിലും കുറവിലങ്ങാട് ദേവമാതാ കോളേജിലുമായി പ്രീഡിഗ്രി വരെയുള്ള പഠനം. നഴ്സാകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് പത്രത്തിൽ വന്ന ഒരു പരസ്യത്തിൽ അന്നക്കുട്ടിയുടെ കണ്ണുടക്കുന്നത്. ' സേനയിൽ നഴ്സിംഗ് റിക്രൂട്ട്മെന്റ് ." മറിച്ചൊന്നും ചിന്തിക്കാതെ ആഗ്രഹം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടികൾ നാടുവിട്ട് ജോലി തേടി പോകുന്നതിനെക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്ത കാലം. എന്നിട്ടും മകളുടെ ആഗ്രഹത്തിന് മാതാപിതാക്കൾ പച്ചക്കൊടി കാട്ടിയതോടെ സ്വപ്നസാഫല്യത്തിന്റെ ചിറകിലേറി അന്നക്കുട്ടി പറക്കാൻ തുടങ്ങി.
ജീവിതാഭിലാഷം സ്വന്തമാക്കുന്നതിനൊപ്പം മകളുടെ ഭാവി സുരക്ഷിതമാകുമെന്നായിരുന്നു മാതാപിതാക്കളുടെ ചിന്ത. വീട്ടിൽ നിന്നുള്ള അനുവാദമെന്ന ആദ്യ കടമ്പ കടന്നെങ്കിലും എഴുത്തുപരീക്ഷയും അഭിമുഖവും മെഡിക്കൽ ചെക്കപ്പുമൊക്കെയായി ശരിയായ പരീക്ഷണങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പോരാടേണ്ടതാകട്ടെ രാജ്യമൊട്ടുക്കുമുള്ള ഉദ്യോഗാർത്ഥികളുമായി. കൊച്ചിയിലെ ആർമി ആശുപത്രിയായ ഐ.എൻ.എസ് സഞ്ജീവനിയിലായിരുന്നു എഴുത്തുപരീക്ഷയും മെഡിക്കൽ പരീക്ഷയും. ''നീ എന്താകണമെന്ന് ആഗ്രഹിച്ച് കഠിനാദ്ധ്വാനം ചെയ്യുന്നുവോ ദൈവവും നിന്നോടൊപ്പം നിൽക്കും"" എന്ന വാചകം സത്യമായെന്ന് അന്നക്കുട്ടി പറയുന്നു. ദൈവം ഒപ്പം നിന്നു. ആ കൊല്ലം നഴ്സിംഗ് പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ട 160 പേരിൽ അന്നക്കുട്ടിയുടെ പേരുമുണ്ടായിരുന്നു.
മരണം മുഖാമുഖം
1976 ഡിസംബറിലാണ് നഴ്സിംഗ് ട്രെയിനിയായി മുംബയിലെ ഐ.എൻ.എച്ച്.എസ് അശ്വനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് പ്രായം 17. തന്റെ ബാച്ചിലെ 26 പേരിൽ 14 മലയാളികളുണ്ടായിരുന്നുവെന്ന് അന്നക്കുട്ടി ഓർക്കുന്നു. അതിൽ ഒരാൾ നാട്ടുകാരിയും സഹപാഠിയുമായ മോളിയായിരുന്നു. സാധാരണ നഴ്സുമാരുടെ ജീവിതത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ആർമി നഴ്സിന്റെ ജീവിതമെന്ന് അധികം വൈകാതെ മനസിലാക്കി. ആശുപത്രിക്ക് ചുറ്റും പട്ടാളത്തിന്റെ കാവൽ. യുദ്ധസമാനമായ അന്തരീക്ഷം. ഏത് നിമിഷവും മുറിവേറ്റ പട്ടാളക്കാരുമായി വിമാനങ്ങളോ ആംബുലൻസോ എത്തിയേക്കാം. സദാസമയവും ജാഗരൂഗരായിരിക്കണം. ആതുരസേവനവും രാജ്യസേവനവും ഒരുമിച്ച് ചെയ്യാൻ കഴിയുന്ന അപൂർവ നേട്ടം. ജനറൽ നഴ്സിംഗ് പഠനം മുംബയിൽ പൂർത്തിയാക്കി. ശേഷം മിഡ്വൈഫറി പൂർത്തിയാക്കാൻ പത്താൻകോട്ടിലെ മിലിട്ടറി ആശുപത്രിയിലേക്ക്. അതീവജാഗ്രതാ മേഖലയായ പത്താൻകോട്ടിൽ പട്ടാളക്കാർ കാവൽ നിൽക്കുന്ന റോഡിലൂടെ പോകുമ്പോൾ ഒരുപക്ഷേ തിരികെ പോകാൻ കഴിഞ്ഞേക്കില്ലെന്ന് പലവുരു ചിന്തിച്ചുപോയിട്ടുണ്ടെന്ന് അന്നക്കുട്ടി പറയുന്നു. പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചതോടെ ഭയപ്പെടുത്തിയ പല കാഴ്ചകളും സുപരിചിതമായി. അവധിക്ക് നാട്ടിലെത്തിയാൽ ഒരു പട്ടാളക്കാരന് കിട്ടുന്ന എല്ലാ ബഹുമാനവും സ്നേഹവും നാട്ടുകാർ നൽകി.
കാർഗിൽ ഒരോർമ്മ
രാജ്യത്ത് പതിനെട്ടോളം മിലിട്ടറി ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചു. രാജ്യാതിർത്തിയിൽ ജോലിചെയ്യുമ്പോൾ വെടിയേറ്റും മൈൻ പൊട്ടിയുമെല്ലാം ഗുരുതരമായി പരിക്കേറ്റ ഒട്ടേറെ പട്ടാളക്കാരെ ശുശ്രൂഷിക്കേണ്ടി വന്നിട്ടുണ്ട് അന്നക്കുട്ടിക്ക്. മിലിട്ടറി ആശുപത്രിയിലെത്തുന്നവർ ഒന്നുകിൽ പട്ടാളക്കാരോ അല്ലെങ്കിൽ അവരുടെ ബന്ധുക്കളോ ആയിരിക്കും. ഔദ്യോഗിക ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഓർമകൾ നൽകിയ യുദ്ധമായിരുന്നു 1999ലെ കാർഗിൽ യുദ്ധം. അന്ന് ഡൽഹിയിലെ ബേസ് ക്യാമ്പിലായിരുന്നു അന്നക്കുട്ടിക്ക് ജോലി. കാർഗിലിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ പട്ടാളക്കാരെ എത്തിച്ചിരുന്നത് ബേസ് ക്യാമ്പിലേക്കാണ്. വെടിയേറ്റും ഷെൽ പൊട്ടിത്തെറിച്ചും ജീവനും മരണത്തിനും ഇടയിൽ പോരാടുന്നവർ. നട്ടെല്ലിന് പരിക്കേറ്റ് എഴുന്നേറ്റ് നിൽക്കാൻ പോലുമാകാതെ കിടക്കയിലേക്ക് ഒതുക്കപ്പെട്ടവർ. കൈകളും കാലുകളും നഷ്ടപ്പെട്ടവർ. രാജ്യത്തിനായി പോരാടി ആരോഗ്യവും ആയുസും ബലിനൽകി ആശുപത്രിയിലെത്തുന്ന പട്ടാളക്കാർക്ക് താങ്ങായത് ഡോക്ടർമാരും അന്നക്കുട്ടിയടക്കം ആയിരക്കണക്കിന് നഴ്സുമാരാണ്.
കൃത്യസമയത്ത് മരുന്നുകൾ നൽകുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് അവരെ സമാധാനിപ്പിക്കണം. ഇരുപത് വർഷം മുമ്പുള്ള ആ ദിനങ്ങൾ ഇന്നും അന്നക്കുട്ടിയെ അലട്ടുന്നു. 2006 - 2008 കാലഘട്ടത്തിൽ ഉദംപൂരിൽ ജോലി ചെയ്തിരുന്ന സമയത്ത് മൈൻ പൊട്ടിത്തെറിച്ചും ഗ്രനേഡ് ആക്രമണത്തിലും പരിക്കേറ്റ് എത്തിയിരുന്ന പാട്ടാളക്കാരും നീറുന്ന ഓർമയാണ്. പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത വിധം ഗുരുതമായി പരിക്കേറ്റ് കരഞ്ഞിരുന്ന ചെറുപ്പക്കാരായ പട്ടാളക്കാർ ഇന്നും അന്നക്കുട്ടിയുടെ മനസിലുണ്ട്.
കൂടെ ജോലിക്ക് കയറിയ ബാച്ചിലെ പലരും ജോലി നിറുത്തി പോയപ്പോഴും മുന്നോട്ട് പോകാനായിരുന്നു അന്നക്കുട്ടിയുടെ തീരുമാനം. ആ തീരുമാനം ആത്മസംതൃപ്തി മാത്രമല്ല ഒട്ടേറെ നേട്ടങ്ങളും അംഗീകാരങ്ങളുമാണ് സമ്മാനിച്ചത്. നഴ്സിംഗ് ട്രെയിനിയായി ജോലിയിൽ കയറി ബ്രിഗേഡിയർ, പ്രിൻസിപ്പൽ മേട്രൺ, ഡെപ്യൂട്ടി ജനറൽ എന്നീ പദവികൾ കഠിനാദ്ധ്വാനത്തിലൂടെ നടന്ന് കയറിയ അന്നക്കുട്ടി 2017ൽ മിലിറ്ററി നഴ്സിംഗ് സർവീസിലെ ഉയർന്ന പദവിയായ മേജർ ജനറലുമായി. ആർമി ആശുപത്രികളുടെ ചുമതലക്കാരിയുമായി.
39 വർഷവും അഞ്ച് മാസവും നീണ്ട രാജ്യസേവനം 2019 മെയ് ഒമ്പതിന് അവസാനിപ്പിച്ചത് രാഷ്ട്രപതിയിൽ നിന്ന് വിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയാണ്. 2018ൽ നാഷണൽ ഫ്ളോറൻസ് നൈറ്റിംഗേൽ മെഡലിനും അർഹയായി. ഈ രണ്ട് പുരസ്കാരങ്ങളും കിട്ടുന്ന ആദ്യ മലയാളി കൂടിയാണ്. പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അന്നക്കുട്ടി അനുകരിക്കാവുന്ന മാതൃകയാണെന്ന് നിസംശയം പറയാം. അതിന് തെളിവാണ് അന്നക്കുട്ടിക്ക് ശേഷം തന്റെ കൊച്ചു ഗ്രാമത്തിൽ നിന്ന് ഈ മേഖലയിലേക്ക് കടന്നെത്തിയ പെൺകുട്ടികൾ. ആർമി നഴ്സായി സേവനം അനുഷ്ഠിക്കുക എന്നത് ആതുര സേവന രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും മികച്ച തീരുമാനമായിരിക്കുമെന്ന് അന്നക്കുട്ടി പറയുന്നു.
58-ാം വയസിൽ എം.ബി.എ നേട്ടം
സ്കൂൾ കാലഘട്ടത്തിൽ ശരാശരി വിദ്യാർത്ഥിനിയായിരുന്നെങ്കിലും പിന്നീടങ്ങോട്ട് പഠനവും ജോലിയും കൂടെ കൂട്ടണമെന്ന് അന്നക്കുട്ടിക്ക് വാശിയായിരുന്നു.1994ൽ പൂനെ എ.എഫ്.എം.സിയിൽ നിന്ന് ഓർത്തോപീഡിക് നഴ്സിംഗിൽ ഡിപ്ലോമ, 2007ൽ പൂനെ സിംബോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എച്ച്.എച്ച്.എമ്മിൽ പി.ജി.ഡിപ്ലോമ എന്നിവ നേടിയ അവർ 2017ൽ അൻപത്തിയെട്ടാം വയസിൽ സുഭാരതി സർവകലാശാലയിൽ നിന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എയും കരസ്ഥമാക്കി. ജോലി കൂടുതൽ സുഗമമാക്കാൻ വേണ്ടിയായിരുന്നു തന്റെ പഠനങ്ങൾ ഓരോന്നുമെന്ന് അന്നക്കുട്ടി. പഠനം ഒരിക്കലും ഒരു ബാദ്ധ്യതയായി തോന്നിയിരുന്നില്ല.
ഒരു പട്ടാള കുടുംബം
സേവനത്തിനിടെ രാജസ്ഥാനിലെ നസേറാബാദിലെ മിലിട്ടറി ആശുപത്രിയിൽ വച്ചാണ് ജീവിതത്തിന്റെ മറുപാതിയായ ബാബു ജോർജിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം മിലിട്ടറി ആശുപത്രിയിൽ റേഡിയോഗ്രാഫറായിരുന്നു. വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളി. ഓണററി ക്യാപ്ടനായാണ് ബാബു ജോർജ് വിരമിച്ചത്. രണ്ടരവർഷം കൂടുമ്പോൾ ലഭിക്കുന്ന സ്ഥലംമാറ്റങ്ങളെ തുടർന്ന് രാജ്യം മുഴുവൻ ഓടി നടന്ന് ജോലി ചെയ്യുന്നതിനിടെ വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടിയപ്പോൾ ഭർത്താവും മകൻ ബൈജു ബാബുവുമാണ് അന്നക്കുട്ടിക്ക് തുണയായത്.
പട്ടാള ജീവിതത്തോടൊപ്പം വളർന്ന ബൈജുവും അതേ പാത തന്നെ തിരഞ്ഞെടുത്ത് ആർമിയിൽ ചേർന്നു. നിലവിൽ മേജർ ബൈജു ബാബുവാണ്. റിട്ട. സി.ആർ.പി.എഫ്. ഓഫീസർ പി.വി. മാത്യുവിന്റെ മകൾ സ്വീറ്റി മാത്യൂവാണ് ബൈജുവിന്റെ ഭാര്യ. ബൈജുവും സ്വീറ്റിയും ഏകമകൾ സമേറ ബൈജുവും ഡൽഹിയിലാണ് താമസം. ജോലിയിൽ നിന്ന് വിരമിച്ചതോടെ നാട്ടിൽ മതി ശിഷ്ടജീവിതമെന്ന് അന്നക്കുട്ടിയും ബാബുവും തീരുമാനിച്ചു. ഇപ്പോൾ അടൂർ പെരിങ്ങനാട് കാരൂർ ഭവനത്തിൽ സ്വസ്ഥം ഗൃഹ ഭരണം.