കേശവൻകുട്ടി സാറിന് അറിയാത്ത സിനിമാപ്പാട്ടുകൾ കുറവാണ്. മലയാളം മാത്രമല്ല, തമിഴ്, ഹിന്ദി പാട്ടുകളും ഏതാണ്ട് മനഃപാഠം. പാട്ടുകളിൽ എന്തെങ്കിലും സംശയമുള്ളവർ റിട്ട. മലയാളം അദ്ധ്യാപകനായ അദ്ദേഹത്തെ സമീപിക്കാറുണ്ട്. പ്രധാനപ്പെട്ടതും പ്രശസ്തവുമായ പല കവിതാശകലങ്ങളും കാണാപ്പാഠം.
സരോജം ഒരു സാധുവീട്ടമ്മയാണ്. സാമാന്യ വിദ്യാഭ്യാസമേയുള്ളൂ. ഒന്നുരണ്ടുവട്ടം കേശവൻകുട്ടി സാറിനെ തിരക്കിവന്നെങ്കിലും കാണാനായില്ല. അല്പം അകലെ താമസിക്കുന്ന സരോജം വന്ന് തിരക്കിയ കാര്യം ഭാര്യ പറഞ്ഞെങ്കിലും എന്തിനാണെന്ന് കേശവൻ കുട്ടിസാറിന് പിടികിട്ടിയില്ല. മക്കൾക്ക് വല്ല അപേക്ഷഫോറവും പൂരിപ്പിച്ചു നൽകാനാകും. അല്ലെങ്കിലും ഏതെങ്കിലും ഓഫീസിൽ കാര്യസാദ്ധ്യത്തിന് വല്ല പരിചയക്കാരുമുണ്ടോ എന്ന് തിരക്കാനാകും.
വലിയ സന്തോഷമോ സങ്കടമോ ഇല്ലാത്ത ഭാവത്തിലായിരുന്നു സരോജത്തിന്റെ വരവ്. എന്താ പതിവില്ലാതെ അതിരാവിലെ? ഒരു സൗഹൃദ സംഭാഷണത്തോടെ കേശവൻകുട്ടി അവരെ സ്വാഗതം ചെയ്തു. അല്പനേരം സംസാരിച്ചപ്പോൾ താൻ ധരിച്ച പോലുള്ള കാര്യങ്ങൾക്കായല്ല അവരുടെ വരവെന്ന് കേശവൻകുട്ടിക്ക് പിടികിട്ടി.
ഒരു നാലഞ്ചു വാക്കുകൾ ചേർത്തു പറഞ്ഞിട്ട് ഇതിന്റെ ബാക്കിഭാഗം എന്താണ്. എന്താണ് അതിന്റെ അർത്ഥം. ഭർത്താവ് എല്ലാ ദിവസവും ചൊല്ലാറുണ്ട്. അപ്പോഴൊന്നും ശ്രദ്ധിക്കാറില്ല. സിനിമാപ്പാട്ടാണോ കവിതയാണോ? തമിഴോ ഹിന്ദിയോ മലയാളമോ. പ്രണയഗാനമാണോ ശോകഗാനമാണോ ഇങ്ങനെ ആ വാക്കുകളെപ്പറ്റിയുള്ള പശ്ചാത്തലം അറിയാനാണ് സരോജത്തിന്റെ വരവ്. കേശവൻ കുട്ടിസാറിന് ഒരു പിടിയും കിട്ടിയില്ല. ഉത്തരംമുട്ടിയ അദ്ദേഹം വിഷയം മാറ്റാനായി ചോദിച്ചു: അല്ല ഈ സംശയം ഭർത്താവിനോട് തന്നെ ചോദിക്കാത്തതെന്താ? അദ്ദേഹത്തോട് ചോദിക്കാൻ പറ്റിയില്ല. ഇനി കഴിയുകയുമില്ല. രണ്ടുമാസം മുമ്പ് മരണമടഞ്ഞു. കേശവൻ കുട്ടി സാറിന് സഹതാപം തോന്നി. എങ്ങനെയെങ്കിലും സാർ ഇതിന് മറുപടിതന്നേ പറ്റൂ. നേരേ ചൊവ്വേ ഉറങ്ങിയിട്ട് ആഴ്ചകളായി. കണ്ണടയ്ക്കാൻ തുടങ്ങുമ്പോൾ അദ്ദേഹം പാടാറുള്ള ആ പാട്ട് ചെവിയിൽ മുഴങ്ങും. വർഷങ്ങളായി പാടുമായിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. വലിയ കവി, വലിയ പാട്ടുകാരൻ എന്ന പുച്ഛമായിരുന്നു. അതിനാൽ ഈണവും ശ്രദ്ധിച്ചിരുന്നില്ല. പരിഹാസം കൊണ്ട് ചിലപ്പോഴൊക്കെ ചെവി പൊത്തിനിന്നിട്ടുണ്ട്. എങ്കിലും അതൊന്നും വകവയ്ക്കാറില്ല. പരിഭവിക്കാറുമില്ല. മരിച്ചശേഷം വലിയ കുറ്റബോധം തോന്നുന്നു. സാറെങ്കിലും രക്ഷിക്കണം. അപൂർണമായ ആ പാട്ടിന്റെ അർത്ഥമൊന്നുപറഞ്ഞു തരണം. സരോജത്തിന്റെ വാക്കുകൾ അപേക്ഷ പോലെ. പ്രാർത്ഥന പോലെ നേർത്തുനേർത്തുവന്നു. വാക്കുകൾ തന്നെ അപൂർണം. പാട്ടിന്റെ ഈണം അജ്ഞാതം. പിന്നെങ്ങനെ ഗണിച്ചെടുക്കും. സോറി എന്നോട് ക്ഷമിക്കൂ എന്ന് കേശവൻ കുട്ടി സാർ പറഞ്ഞപ്പോൾ ഇമവെട്ടാതെ കുറേനേരം അവർ നോക്കിനിന്നു. ''പാവം എന്റെ ഗന്ധർവനായിരുന്നു. ഞാൻ യാചകനായി കണ്ടു. ജീവിച്ചിരിക്കുമ്പോൾ ആരുടേയും വലിയ ഗുണങ്ങൾ പോലും നാം തിരിച്ചറിയുന്നില്ല. ഇല്ലാത്ത ദോഷങ്ങൾ പർവതംപോലെ കാണുകയും ചെയ്യും. ഉത്തരമില്ലാത്ത ഒരു ചോദ്യംപോലെ പരാജിതയുടെ മട്ടിൽ സരോജം കണ്ണുകൾ തുടച്ച് മടങ്ങുന്നത് നോക്കി കേശവൻകുട്ടിസാർ നിന്നു.
(ഫോൺ: 9946108220)