ഗാന്ധിജി - പേരിനപ്പുറം ഇന്ത്യയുടെ ആത്മാവാണ് ഈ മൂന്നക്ഷരം. രാഷ്ട്രപിതാവ് എന്ന വിശേഷണത്തിനൊപ്പം ജനതയുടെ വികാരമായി മാറിയ മഹാത്മാവിന്റെ ജീവിതാന്ത്യത്തെ അനാവരണം ചെയ്യുകയാണ് കമ്മ്യൂണിസ്റ്റ് നേതാവും എം.എൽ.എ യുമായ സി.ദിവാകരൻ തന്റെ പുസ്തകത്തിലൂടെ .
ജനകോടികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് കാരണമായ വസ്തുതകളെയും അന്ത്യനാളുകളിലെ സംഭവങ്ങളെയും പുനർവായന നടത്തുകയാണ് 'ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ" എന്ന പുസ്തകത്തിൽ. മലയാള പതിപ്പിന്റെ സ്വീകാര്യതയെ തുടർന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിരിക്കുകയാണിപ്പോൾ ഈ ചരിത്ര കൃതി.
വർത്തമാന സമൂഹത്തിൽ മാനവികതയ്ക്കെതിരെയുള്ള നിലപാടുകൾ അപകടകരമായ വിധത്തിൽ ഉയർന്നുവരുന്നത് ഭയാശങ്കകളോടെയാണ് ഗ്രന്ഥകാരൻ കാണുന്നത്. അധികാര കേന്ദ്രമായി മതം മാറുമ്പോൾ ഉണ്ടാകുന്ന ആശങ്കയാണ് ഗ്രന്ഥകാരൻ ചൂണ്ടികാട്ടുന്നത്. ഭാരതത്തിന്റെ ചരിത്രത്തിൽ വിശ്വാസിക്കും അവിശ്വാസിക്കും തുല്യപ്രാധാന്യമാണ് ഉണ്ടായിരുന്നതെന്ന് ആമുഖത്തിൽ സൂചിപ്പിക്കുന്നു. മൂന്നു നൂറ്റാണ്ടോളം വിശ്വാസ - അവിശ്വാസ ദർശനങ്ങൾ തമ്മിൽ ആരോഗ്യപരമായ സംവാദം നിലനിന്നിരുന്ന നാടായിരുന്നു ഭാരതം . ഈശ്വര സങ്കൽപമില്ലാത്ത ബുദ്ധമതവും ഈശ്വരനെ നിഷേധിച്ച സാംഖ്യയോഗവും പൂർവമീമാംസയുമെല്ലാം നിലനിന്നിരുന്ന രാജ്യത്താണ് ഈശ്വരന്റെയും മതത്തിന്റെയും പേരിൽ ഗാന്ധിജി കൊലചെയ്യപ്പെട്ടതെന്ന് സമർഥിക്കുകയാണ് ഈ പുസ്തകത്തിൽ .
ഗാന്ധിവധത്തിന് കാരണമായ ഗൂഢാലോചന പിറവിയെടുത്തതിന് പിന്നിലെ കാരണത്തെ കണ്ടെത്തുമ്പോൾ അല്പം പോലും തിരിവുകളോ ഏച്ചുകെട്ടലുകളോ ഇല്ലാതെയാണ് പുസ്തക രചന നിർവഹിച്ചിട്ടുള്ളത് . യഥാർത്ഥ ദേശസ്നേഹമെന്നത് സത്യസന്ധമായ രാജ്യചരിത്രം തിരിച്ചറിയലാണെന്ന സൂചനയും ഇവിടെ നൽകുന്നു .
ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും ഭാരതം മുക്തമാക്കപ്പെടുമെന്ന് ഉറപ്പാക്കിയ സമയത്ത് മൗണ്ട്ബാറ്റൺ പ്രഭുവിന്റെ ചിന്തയിലുദിച്ച കുടിലതയാണ് ഇന്ത്യ- പാക് വിഭജനമെന്നും അത് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താൻ കഴിയാതെപോയതാണ് ഇപ്പോഴും ഇരുരാജ്യങ്ങൾക്കിടയിൽ പുകഞ്ഞു നിൽക്കുന്ന വൈരത്തിന്റെ ഹേതുവെന്നും ചരിത്രസംഭവങ്ങൾ നിരത്തി പ്രതിപാദിക്കുന്നു. ഇന്ത്യയെ വെട്ടിമുറിക്കരുതെന്ന് പറഞ്ഞ ഒരേഒരു നേതാവ് മഹാത്മാഗാന്ധിയാണ് .അതിനു പക്ഷേ അദ്ദേഹത്തിന് തന്റെ ജീവൻ തന്നെ ബലിയായി നൽകേണ്ടി വന്നു. വിഭജനത്തിന്റെ പാതയിലേക്ക് ജവഹർലാൽനെഹ്രുവിനും പട്ടേലിനും ജിന്നയ്ക്കും പോകേണ്ടിവന്നപ്പോൾ വേദന സഹിച്ചത് ഗാന്ധിജി മാത്രമായിരുന്നു. വിഭജനകരാർ ഒപ്പിട്ട് പാക്കിസ്ഥാനിലെ ഹിന്ദുക്കളെ ഇങ്ങോട്ടും ഇന്ത്യയിലെ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്കും അയക്കാൻ ധാരണയായപ്പോൾ സ്വാതന്ത്ര്യ പുലരിക്കായി സ്വപ്നം കണ്ടുറങ്ങിയവർ അഭയാർഥികളായി പലായനം ചെയ്യുന്ന കാഴ്ച മഹാത്മജിയുടെ ഹൃദയത്തിലെ മുറിവായി മാറി. രക്തചൊരിച്ചിൽ ഉണ്ടാകില്ലെന്ന മൗണ്ട് ബാറ്റൺ നൽകിയ ഉറപ്പാണ് വിഭജനത്തിനും പാലായനത്തിനും ഇരു രാഷ്ട്രത്തലവന്മാരെയും പ്രേരിപ്പിച്ചതെങ്കിൽ പിന്നീട് വിഭജന ദുരന്തം രക്തപുഴ ഒഴുകുന്നതിന് കാരണമായി. ഇന്ത്യ വിടാൻ കൂട്ടാക്കാതിരുന്ന മുസ്ലിം ജനതയ്ക്ക് അനുഭവിക്കേണ്ടിവന്നത് മതഭ്രാന്തന്മാരുടെ ആക്രമണമായിരുന്നു.പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ, ₹ 100