golden-kayaloram

കൊച്ചി: സുപ്രീം കോടതി ഉത്തരവനുസരിച്ച് പൊളിക്കാനുള്ള മരടിലെ രണ്ട് ഫ്ലാറ്റുകളായ ജെയിൻ കോറൽ കോവും ഗോൾഡൻ കായലോരവും ഇന്ന് നിലംപതിക്കും. ഇതിൽ ഗോൾ‌ഡൻ കായലോരം പൊളിക്കുന്നതാണ് തങ്ങൾക്കു മുന്നിലെ വെല്ലുവിളിയെന്ന് ഫ്ളാറ്റ് പൊളിക്കാൻ കരാറുള്ള എഡിഫസ് എൻജിനീയറിംഗിന്റെ ദക്ഷിണാഫ്രിക്കൻ പങ്കാളികളായ ജെറ്റ് ഡിമോളിഷൻസ് സി.ഇ.ഒ ജോ ബ്രിങ്ക്മാൻ പറഞ്ഞു.

കൂട്ടത്തില്‍ ചെറുതെങ്കിലും കായലിനോടും കെട്ടിടങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് പൊളിക്കുക വ്യത്യസ്ത രീതിയിലാണെന്നും കിഴക്കുനിന്ന് തുടങ്ങി ഘട്ടംഘട്ടമായാണ് പൊളിഞ്ഞുവീഴുകയെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളച്ചാട്ടം പോലെ ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക വ്യത്യസ്ത രീതിയിലായിലായിരിക്കും. ജയിന്‍ കോറല്‍ കോവ് തകര്‍ക്കുക എച്ച്ടുഒ പോലെ തന്നെയെന്നും ജോ ബ്രിങ്ക്മാന്‍ പറഞ്ഞു. അവശിഷ്ടം കായലില്‍ വീഴില്ലെന്നും സമീപ കെട്ടിടങ്ങള്‍ക്കു കേടും വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലാറ്റ് പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഫ്‌ളാറ്റുകളുടെ സമീപത്തുള്ളവരോട് വീടുകളിലെത്തി പൊലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുതുടങ്ങി. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളും ഒമ്പതുമണിക്ക് മുമ്പ് സ്ഥലത്തുനിന്ന് മാറണമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നതാണ്.