
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ എച്ച് ടു ഒ ഫ്ലാറ്റും ആൽഫാ സെറിൻ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകർത്തതിനു പിന്നാലെ മരടിൽ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്ഫോടനവും വിജയം. ജെയിൻ കോറൽ കോവ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. ആദ്യ സൈറന്‍ പത്തരയ്ക്ക് മുഴങ്ങി. 10.55 ന് രണ്ടാം സൈറണ്‍ മുഴങ്ങിയത്. 11.03നാണ് ജെയ്ന്‍സ് കോറല്‍കോവ് നിലംപതിച്ചത്. 122 അപ്പാർട്ട്മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവായിരുന്നു ഏറ്റവും വലിയ ഫ്ലാറ്റ്.
രാവിലെ ഒമ്പത് മണിക്ക് മുമ്പുതന്നെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഫ്‌ളാറ്റ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്പനി വിദഗ്ദ്ധര്‍ ജെയ്ന്‍ കോറല്‍ കോവിലെ ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തിയിരുന്നു.

മൊത്തം 17 നിലകളാണ് ജെയ്ന്‍സ് കോറല്‍ കോവിലുണ്ടായിരുന്നത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഫ്‌ളാറ്റ് പൊളിച്ചത്. ഫ്ലാറ്റിൽ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്.

ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവിൽ ആകെയുള്ളത് നാല് വീടുകൾ മാത്രമാണെന്നത് സ്ഫോടനത്തിന്റെ വെല്ലുവിളി കുറച്ചിരുന്നു. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് പൊളിക്കുന്ന ഗോൾഡൻ കായലോരത്ത് 40 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്.