കാസർകോട്: കേന്ദ്രസർക്കാരിന്റെ നോട്ടു നിരോധനത്തിലൂടെ രാജ്യത്ത് 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കി വർഷങ്ങൾ പിന്നിടുമ്പോഴും വീണ്ടും ഈ നോട്ടുകളുടെ തട്ടിപ്പിലൂടെ പിടിയിലാവുന്നവർ നിരവധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറിൽ 500,1000 രൂപയുടെ നോട്ടുകൾ നിരോധിച്ചപ്പോൾ അത് കള്ളപ്പണം ഒളിപ്പിച്ച് വച്ചവരെ വേട്ടയാടുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവട് വയ്പായിരുന്നു. എന്നാൽ, റിസർവ് ബാങ്ക് കണക്ക് പ്രകാരം രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരികെയെത്തി എന്നായിരുന്നു.
കള്ളനോട്ട് കടത്തു സംഘങ്ങൾ ഇപ്പോഴും സജീവമാണെന്നതിനു തെളിവാണ് ഇന്ന് 1.5 കോടി രൂപയുടെ നിരോധിത കറൻസിയുമായി അഞ്ച് കാസർകോട് സ്വദേശികൾ ഗോവ പൊലീസിന്റെ പിടിയിലായി എന്നത്. ഇവർ പിടിയിലായതോടെ തട്ടിപ്പിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. തട്ടിപ്പ് സംഘം പഴയ നോട്ടുകൾ കയ്യിലുണ്ടെന്നറിഞ്ഞാൽ 30 ശതമാനം കമ്മീഷൻ ഇനത്തിൽ നോട്ടുകൾ മാറ്റി നൽകാമെന്നാണ് തട്ടിപ്പുകാർ ആദ്യം വാഗ്ദാനം നടത്തുന്നത്. കൂടാതെ കമ്മീഷൻ തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെടും.
കമ്മിഷൻ തുക വാങ്ങിയ ശേഷം, പഴയ നോട്ടുകളുമായി നേരത്തേ പറഞ്ഞുറപ്പിച്ച സ്ഥലത്ത് എത്താൻ നിർദേശിക്കും. പഴയ നോട്ടുകളുമായി വാഹനത്തിൽ ആളുകൾ വരുന്നുണ്ടെന്ന വിവരം തട്ടിപ്പുകാർ തന്നെ പൊലീസിനെ അറിയിക്കും. പഴയ നോട്ടുകൾ പൊലീസ് പിടിച്ചതിനാൽ നേരത്തേ നൽകിയ കമ്മീഷൻ തുക തിരികെ നൽകാനാവില്ലെന്നു പറഞ്ഞ് ആ പണം തട്ടിപ്പുകാർ സ്വന്തമാക്കുകയും ചെയ്യും.
ഇത്തരത്തിലാണ് കാസർക്കോടുകാരായ ആലംപാടി അകരപ്പള്ളം വീട്ടിൽ അബ്ദുൽ ഖാദർ (44), അണങ്കൂർ ടിവി സ്റ്റേഷൻ റോഡ് ബാരിക്കാട് ഹൗസിൽ ബി.സലീം (33), ചെങ്കള സിറ്റിസൻ നഗറിൽ റസാഖ് (45), മുട്ടത്തൊട്ടി ആലംപാടി ഏർമാളം ഹൗസിൽ അബൂബക്കർ സിദ്ദീഖ് (24), അണങ്കൂർ ടിവി സ്റ്റേഷൻ റോഡ് ബാരിക്കാട് വീട്ടിൽ ബി.യൂസഫ് (32) എന്നിവർ നിരോധിച്ച 1000 രൂപാ നോട്ടുകളുമായി പിടിയിലായത്.
അഞ്ച് ലക്ഷം രൂപ കമ്മീഷന് വേണ്ടിയാണ് നിരോധിത കറൻസി കടത്തിയതെന്ന് പിടിയിലായവർ പൊലീസിനോടു പറഞ്ഞു. ഗോവ–കർണാടക അതിർത്തിയായ പൊള്ളം ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. കാറിനകത്ത് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഘത്തിനു പണം കൈമാറുകയായിരുന്നു കാസർകോട് നിന്നുള്ളവരുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.