ജമ്മു: ലഷ്കർ ഇ ത്വയിബ, ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരിക്കുന്ന ജമ്മു കാശ്മീർ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ്, ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. ഡി.എസ്.പിയായ ദേവീന്ദർ സിംഗാണ് തീവ്രവാദികൾക്കൊപ്പം സ്‌ക്വാഡിന്റെ പിടിയിലായിരിക്കുന്നത്. മുൻ പൊലീസ് ഉദ്യോഗസ്ഥനും കുപ്രസിദ്ധനായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ നവീദ് അഹമ്മദ് ഷാ എന്ന നവീദ് ബാബുവും, ഭീകരവാദ സംഘത്തിലെ മറ്റൊരാളായ റാഫി അഹമ്മദും ഡി.എസ്.പിക്കൊപ്പം പിടിയിലായിട്ടുണ്ട്. തെക്കൻ കാശ്മീരിലെ ഡി.ഐ.ജി ആയ അതുൽ ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഐ 10 കാറിൽ സഞ്ചരിച്ച ഇവരെ ഗുലാബിലെ മിർ ബസാറിലുള്ള പൊലീസ് ബാരിക്കേഡിൽ വച്ച് പിടികൂടിയത്.
ഏകദേശം 30 ഭീകരവാദികളെങ്കിലും നവീദ് അഹമ്മദിന്റെ കീഴിൽ പ്രവർത്തിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. കാശ്മീർ പൊലീസിലെ ഒരു ഡസൻ പൊലീസുകാരെ ഇയാളുടെ നിർദേശപ്രകാരം ഭീകരർ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഭീകരർക്കൊപ്പം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെയും കണ്ടതാണ് ജമ്മു കാശ്മീർ പൊലീസിനെ ഞെട്ടിച്ചിരിക്കുന്നത്. ഏതാനും നാളുകളായി ഡി.എസ്.പിയെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഒടുക്കം ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ഇവരെ പല സ്ഥലത്തായി ബാരിക്കേഡുകൾ വച്ച് പൊലീസ് പിടികൂടാൻ തീരുമാനിയ്ക്കുകയായിരുന്നു. കാറിൽ നിന്നും നാല് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
ഷോപ്പിയാനിൽ നിന്നും ഭീകരരെ പുറത്തെത്തിക്കുന്ന ചുമതല വഹിച്ചിരുന്നത് ഡി.എസ്.പി ദേവീന്ദർ സിംഗ് ആയിരുന്നുവെന്നും പൊലീസുകാർ പറയുന്നു. ചോദ്യം ചെയ്യലിൽ താൻ ഭീകരരെ കീഴടങ്ങാൻ നിർബന്ധിച്ചിരുന്നു എന്ന് ഡി.എസ്.പി പറയുന്നു. എന്നാൽ അങ്ങനെയൊരു ഉദ്ദേശം തങ്ങൾക്ക് ഇല്ലായിരുന്നുവെന്നും ഏതാനും നാളുകൾ ജമ്മുവിൽ കഴിയാനായിരുന്നു ഞങ്ങളുടെ ഉദ്ദേശമെന്നുമാണ് ഭീകരർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. റിപ്പബ്ലിക് ദിനം അടുത്തുവരുന്ന വേളയിൽ ഭീകരാക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. രാഷ്ട്രപാതിയിൽ നിന്നും ധീരതയ്ക്കുള്ള മെഡൽ വാങ്ങിയിട്ടുള്ള ദേവീന്ദർ സിംഗ് 1990 മുതൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ്.