പാരിസ്: 31,500 രൂപയുടെ ടി.വി 2450 രൂപയ്ക്ക് വില്പനയ്ക്ക് വച്ചാൽ എങ്ങനെയിരിക്കും? പിന്നെ വാങ്ങാൻ വരുന്ന ആൾക്കാരെ തട്ടിയിട്ട് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കും അല്ലേ? എന്നാൽ ഫ്രാൻസിന്റെ തെക്കുള്ള മോന്ദ്പെല്യായിലെ ഷോന്ത് കസീനോ എന്ന ഇലക്ട്രോണിക്സ് കടയിൽ അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് സംഭവിച്ചത്. കട നൽകുന്ന 'ഓഫർ' കേട്ട് നിരവധി പേരാണ് കടയിലേക്ക് ഇരച്ചെത്തിയത്. അങ്ങേയറ്റം തുച്ഛമായ വിലയ്ക്ക് നൽകുന്ന ടെലിവിഷൻ സെറ്റുകൾ കൈക്കലാക്കാൻ എത്തിയ ഫ്രഞ്ചുകാർ ഒന്നല്ല, രണ്ടും മൂന്നും സെറ്റുകളാണ് തങ്ങളുടെ കാർട്ടിലേക്ക് തള്ളിയത്. എന്നാൽ അൽപ്പം കഴിഞ്ഞാണ് സംഗതികളുടെ കിടപ്പുവശം എല്ലാവർക്കും മനസിലായത്.
കടയിലേക്കെത്തിയ ജനങ്ങളോട് തങ്ങൾ പരസ്യം ചെയ്ത വിലയ്ക്ക് ടി.വി നൽകാൻ കടയിലെ ജീവനക്കാർ തയാറായില്ല. അതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോകാൻ തുടങ്ങിയത്. പരസ്യം കേട്ട് ദൂരെനിന്നുപോലും ടി.വി വാങ്ങാൻ എത്തിയ ഉപഭോക്താക്കൾ തങ്ങൾ തേടി വന്നത് ലഭിക്കാതെ കടയിൽ നിന്നും പോകില്ലെന്ന് പറഞ്ഞ് അവിടെ നിൽപ്പുറപ്പിച്ചു. തങ്ങൾക്ക് കടക്കാർ പറഞ്ഞ വിലയ്ക്ക് തന്നെ ടി.വി നൽകണമെന്നും അങ്ങനെയല്ലാതെ ഒരു കാരണവശാലും താൻ കടവിട്ട് പോകുകയില്ലെന്നുമാണ് ഇവർ പറഞ്ഞത്. ഒടുവിൽ കടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തർക്കം മൂർച്ഛിച്ച് കട അടയ്ക്കാൻ സാധിക്കാത്ത സ്ഥിതി ഉണ്ടായി.
അങ്ങനെ മറ്റ് വഴികൾ മുൻപിൽ കാണാതെ കടക്കാർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. അങ്ങനെ കട അടയ്‌ക്കേണ്ട സമയം അവസാനിച്ച് നാല് മണിക്കൂറുകൾ കഴിഞ്ഞ് പൊലീസിന്റെ സഹായത്തോടെ ഉപഭോക്താക്കളെ പുറത്താക്കി ജീവനക്കാർ ഒടുവിൽ കടയടച്ചു. സോഷ്യൽ മീഡിയയാണ് ഇക്കാര്യത്തിൽ വില്ലനായതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. കടക്കാർ നൽകിയ വിലക്കുറവിന്റെ പരസ്യം നിമിഷനേരം കൊണ്ടാണ് കാട്ടുതീ പോലെ സോഷ്യൽ മീഡിയയിലൂടെ പടർന്നുപിടിച്ചത്. ഏതായാലും 31,500(399 യൂറോ) രൂപയുടെ ടി.വി 2450(30.99 യൂറോ) രൂപയ്ക്ക് നൽകാമെന്ന് പരസ്യം നൽകിയ കടക്കാരെ തന്നെയാണ് ഭൂരിഭാഗം പേരും കുറ്റപ്പെടുത്തുന്നത്.
#Montpellier @geant_casino Odysseum est pris d'assaut par des centaines de #clients Le #supermarché aurait été victime d'un bug #informatique sur les prix affichés de l'électroménager La virgule des étiquettes électroniques a été déplacée Au lieu de TV à 400€ ils étaient à 40€ pic.twitter.com/Hrh4Q4gBXX
— viàOccitanie (@viaOccitanieTV) January 8, 2020