ആലപ്പുഴ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയെക്കുറിച്ച് അമ്പലപ്പുഴയിലെ ജനങ്ങൾക്ക് വിശദീകരണം നൽകുന്നതിനായി ബിജെ.പി സംഘടിപ്പിച്ച 'ജനജാഗ്രതാ സദസി'ന് തിരിച്ചടി. ബി.ജെ.പിയുടെ ഈ ശ്രമം ബഹിഷ്‌കരിച്ചും, കടകൾ അടച്ചുകൊണ്ടുമാണ് നാട്ടുകാർ പ്രതികരിച്ചത്. അമ്പലപ്പുഴ വളഞ്ഞവഴിയിലാണ് ബി.ജെ.പി മണ്ഡലം കമ്മിറ്റി പരിപാടി സംഘടിപ്പിച്ചിരുന്നത്. പാർട്ടിയുടെ പരിപാടി ആരംഭിക്കുന്നതിന് മുൻപേതന്നെ സമീപത്തെ വ്യാപാരികൾ കടകൾക്ക് ഷട്ടറിട്ടുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.
പരിപാടിക്കായി പാർട്ടി പ്രവർത്തകർ കസേരകൾ നിരത്താൻ തുടങ്ങിയപ്പോഴാണ് കടക്കാർ കടക്ക് ഷട്ടറിട്ടത്. തുടർന്ന് പ്രദേശവാസികളും വീട് വിട്ടിറങ്ങാൻ തയ്യാറായില്ല. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ബി.ജെ.പി പൊലീസ് സഹായവും തേടിയിരുന്നു. നിയമഭേദഗതിയിൽ വിശദീകരണം നൽകുന്നതിനായി ഇവിടേക്കെത്തിയ ബി.ജെ.പി നേതാവ് എം.ടി രമേശിന് മുൻപിൽ ശ്രോതാക്കളായി ഉണ്ടായിരുന്നത് സ്വന്തം പാർട്ടിക്കാർ മാത്രമായിരുന്നു.
എം.ടി രമേശ് ഒടുവിൽ സ്വന്തം പാർട്ടിക്കാരോട് മാത്രമായി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച ശേഷം മടങ്ങുകയായിരുന്നു. രാജ്യത്തെ മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണം നടത്തി സി.പി.എമ്മും കോൺഗ്രസും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പരിപാടി നടത്തും മുൻപ് ഇതുസംബന്ധിച്ചുള്ള പ്രചാരണം ബി.ജെ.പി വ്യാപകമായി നടത്തിയിരുന്നു.