റിയാദ്: സൗദിയിൽ സ്വദേശിവത്കരണ പദ്ധതി കൂടുതൽ മേഖലകളിൽ നടപ്പാക്കാൻ ഒരുങ്ങി അധികൃതർ. ഇതിന്റെ ഭാഗമായി കാർ മെക്കാനിക്ക് മേഖലകൂടി സ്വദേശിവത്കരിക്കാൻ നിർദേശമുയരുന്നുണ്ട്. മറ്റ് പല മേഖലയിലും നടപ്പാക്കിയപോലെ കാർ മെക്കാനിക്ക് മേഖലയിലും സ്വദേശിവത്കരണം വിജയകരമാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇതോടെ ഈ മേഖലയിൽ തൊഴിലെടുക്കുന്ന മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക് ജോലി നഷ്ടമാവും.
വാഹന അറ്റകുറ്റപണി മേഖലയിൽ നിരവധി വിദേശ തൊഴിലാളികളാണ് ഇപ്പോഴുള്ളത്. പടിപടിയായി സ്വദേശിവത്കരണം നടപ്പാക്കുന്നതോടെ മേഖലയിലെ വിദേശ കുത്തക അവസാനിപ്പിക്കാനാവുമെന്ന് മെക്കാനിക്ക് എൻജിനീയറിംഗ് വിദഗ്ദർ അറിയിച്ചു. വാഹനങ്ങളുടെ കേടുപാടുകൾ കണ്ടെത്താനും പരിഹരിക്കാനും കഴിവുള്ള നിരവധി സൗദി യുവാക്കൾ രാജ്യത്തുണ്ടെന്നും ഇവർ അഭിപ്രായപ്പെട്ടു..
12 മില്യൺ വാഹനങ്ങലാണ് സൗദിയിലുള്ളത്. സ്വദേശിവത്കരണം നടപ്പാക്കുന്നതോടെ കൂടുതൽ വരുമാനം സൗദി ജനങ്ങൾക്ക് ലഭ്യമാവുമെന്ന് മക്കയിലെ ടെക്നിക്കൽ കോളേജിലെ സാങ്കേതിക വിഭാഗം ഡയറക്ടർ ഐമൻ ഇദ്രീസി അഭിപ്രായപ്പെട്ടു.
സൗദി യുവാക്കൾക്ക് തൊഴിൽപരമായ പരിശീലന പദ്ധതി കോളേജിൽ സംഘടിപ്പിക്കുന്നുണ്ട്. കാർ മെക്കാനിക്ക് സംബന്ധമായ എല്ലാ പരിപാടികളും ഇതിൽ ഉൾപ്പെടും. കാറിന്റെ കേടുപാടുകൾ പരിഹരിക്കുക, പുതിയ സ്പെയർപാട്സുകൾ ഫിറ്റ് ചെയ്യുക, മെയിന്റനൻസ് ചെയ്യുക, ഇലക്ട്രിക്കൽ പരമായ കേടുപാടുകൾ പരിഹരിക്കുക തുടങ്ങി വാഹനത്തെ സംബന്ധിക്കുന്ന എല്ലാ വിദഗ്ദ കാര്യങ്ങളും പഠിക്കാൻ ഈ പരിശീലന പരിപാടിയിലൂടെ സാധിക്കുമെന്നും ഐമൻ ഇദ്രീസി വ്യക്തമാക്കി.
നാല് വർഷത്തിനുള്ളിൽ അര ലക്ഷത്തോളം സൗദികൾക്ക് ജോലി കണ്ടെത്താനാണ് പുതിയ പദ്ധതി. സ്വദേശിവത്കരണത്തിലൂടെ 2023 ആകുമ്പോഴേക്കും 45,000 സ്വദേശികള്‍ക്ക് പുതുതായി ജോലി കണ്ടെത്താനാണ് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം. ഇതിലൂടെ രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.