കൊച്ചി: മരടില്‍ നിയമം ലംഘിച്ച്‌ നിര്‍മിച്ച വിവാദ ഫ്‌ളാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. ഇതോടെ കേരളത്തെ ആകാംക്ഷയില്‍ നിറുത്തിയ, രണ്ട് ദിവസമായി നടന്ന പൊളിക്കല്‍ ദൗത്യം അവസാനിച്ചു. എന്നാൽ, പൊളിച്ച സ്ഥലത്ത് നിയമം പാലിച്ച് വീണ്ടും ഫ്ളാറ്റ് പണിയാൻ കഴിയും.

maradu-flat

എന്നാൽ, തത്കാലം ഇവിടം സർക്കാരിന്റെ കൈവശം തുടരും. താമസക്കാർക്ക് നഷ്ടപരിഹാരം നൽകാതെ നിർമ്മാതാക്കൾക്ക് സ്ഥലത്തിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. ഫ്ളാറ്റ് വാങ്ങുന്നവർക്ക് സ്ഥലത്തിലും അവകാശമുണ്ട്. പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾ ഒന്നിച്ച് നിമിഷം കൊണ്ട് പൊളിക്കുന്നത് രാജ്യത്തു തന്നെ ഇതാദ്യമാണ്. 500 കോടി വില മതിക്കുന്ന കെട്ടിടങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചാരമായത്. റിവ്യു ഹർജികൾ സുപ്രീം കോടതി തള്ളിയതോടെയാണ് പൊളിക്കൽ നടപടി തുടങ്ങിയത്.

maradu-flat

2014ൽ മുംബയിലെ ഫ്ളാറ്റ് പൊളിച്ചതാണ് സമാനമായ മുൻ സംഭവം. ജനവാസം കുറവായ മേഖലയിലായിരുന്നതിനാൽ അന്ന് ആശങ്കയുണ്ടായില്ല. കഴിഞ്ഞ വർഷം മേയ് എട്ടിനാണ് മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയിൽ അനുകൂല വിധികളുണ്ടായതും, വർഷങ്ങളായി കുടുംബങ്ങൾ താമസിക്കുന്നതും കാരണം പൊളിക്കൽ ഉത്തരവുണ്ടാകുമെന്ന് നിർമ്മാതാക്കളും കരുതിയിരുന്നില്ല.

maradu-flat

അതേസമയം,​ തീരദേശ പരിപാലന നിയമപ്രകാരമുള്ള പ്ളാൻ തയ്യാറാക്കിയാൽ വീണ്ടും ഇവിടെ കെട്ടിട നിർമ്മാണ അനുമതി ലഭിക്കും. ഫ്ളാറ്റുടമകൾക്ക് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിലുമുണ്ട്. ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം നൽകിക്കഴിഞ്ഞു. ഇതിനായി നിർമ്മാതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടിയും തുടങ്ങി. അതുപോലെ ഫ്ലാറ്റ് പൊളിക്കലിനെ തുടർന്ന് ആശങ്കയിലായ സമീപവാസികൾക്ക് ആശ്വാസമേകാനാണ് ചെന്നൈ ഐ.ഐ.ടിയിലെ ആറംഗ സംഘം മരടിലെത്തിയത്. പക്ഷേ മരട് അവർക്ക് ഒരു പാഠമാകും. ആദ്യമായാണ് നിയന്ത്രിത സ്‌ഫോടനത്തിലുണ്ടാകുന്ന പ്രകമ്പനം സംഘം അളക്കുന്നത്.

maradu-flat

സർക്കാരിന് റിപ്പോർട്ട് നൽകുന്നതിനൊപ്പം, ലഭിച്ച വിവരങ്ങൾ കൂട്ടിച്ചേർത്ത് മരടിന്റെ മാതൃകയും തയ്യാറാക്കും. രാജ്യത്തും പുറത്തും സമാന ഭൂപ്രകൃതിയുള്ള സ്ഥലങ്ങളിലെ സ്‌ഫോടനങ്ങൾക്ക് ഇത് ഉപയോഗിക്കും. സ്‌ഫോടനമുണ്ടാകുമ്പോൾ സമീപത്തെ വീടുകൾക്ക് നാശമുണ്ടാകുമോ എന്ന് അറിയാനാണ് ചെന്നൈ ഐ.ഐ.ടിയുടെ സഹായം സർക്കാർ തേടിയത്. ഇവരുടെ റിപ്പോർട്ടനുസരിച്ചാണ് വീട്ടുകാർക്ക് ഇൻഷ്വറൻസ് തുക ലഭിക്കുക. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഭൂമിയിലുണ്ടാകുന്ന പ്രകമ്പനം അളന്ന് നാശത്തിന്റെ തോത് കണ്ടെത്തുകയാണ് സംഘം ആദ്യം ചെയ്തത്.

ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയാണ് ഇന്ന് നിലംപതിച്ചത്. ഹോളിഫെയ്ത്തിന്റെയും ആൽഫയുടെയും കൃത്യമായ പതനം നൽകുന്ന ആത്മവിശ്വാസമാണ് ഇവർക്ക് മുതൽക്കൂട്ടായത്. മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റാണ് ഹോളിഫെയ്ത്ത്. രണ്ടാമതായി ആൽഫ സെറിനും നിലംപൊത്തി.