ധാക്ക: ബംഗ്ലാദേശിലെ ന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് ഭീരവാദ പരിശീലനം നൽകി പാകിസ്ഥാൻ. ഏകദേശം 40 റോഹിങ്ക്യൻ മുസ്ലിം വിഭാഗത്തിൽ പെട്ട മുസ്ലീങ്ങൾക്കാണ് പാകിസ്ഥാന്റെ ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐ (ഇന്റർ സർവീസസ് ഇന്റലിജൻസ്) പരിശീലനം നൽകുന്നത്. ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജമാത്ത് ഉൽ മുജാഹിദീന് ഫണ്ടുകൾ നൽകികൊണ്ട്, സംഘടനയുടെ സഹായത്തോടെയാണ് പാകിസ്ഥാൻ ഇവരെ ഭീകരവാദികളാക്കി മാറ്റുന്നതിനായി പരിശീലനം നൽകുന്നത്.
ബംഗ്ലാദേശിനോട് വളരെ അടുത്ത് കിടക്കുന്നതിനാൽ രാജ്യം വഴി എളുപ്പത്തിൽ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ സാധിക്കുമെന്നാണ് പാകിസ്ഥാന്റെ കണക്കുകൂട്ടൽ. ഇത് സംബന്ധിച്ച് പ്രമുഖ ഇന്റലിജൻസ് വിഭാഗങ്ങൾ അതിർത്തികളിലുള്ള ഇന്ത്യൻ സേനാ വിഭാഗങ്ങൾക്ക് വ്യാഴാഴ്ചയോടെ വിവരം നൽകിയിരുന്നു. ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യകളെയാണ് പാകിസ്ഥാൻ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും അതിർത്തിക്കപ്പുറത്തുനിന്നും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഡാലോചന നടത്തുകയാണെന്നും ഇന്റലിജൻസ് വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
സൗദി അറേബ്യയിലും, മലേഷ്യയിലും ഭീകരവാദ പരിശീലനം നൽകുന്നതിനായി പാകിസ്ഥാൻ ഫണ്ടുകൾ നൽകിയിട്ടുണ്ട്. ജമാത്ത് ഉൽ മുജാഹിദീന് ഇത് സംബന്ധിച്ച് ലക്ഷക്കണക്കിന് രൂപയാണ് ലഭിച്ചത്. ഇന്റലിജൻസ് ഏജൻസികൾ പറയുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഏജൻസികൾ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിക്കും(എൻ.ഐ.എ) കൈമാറിയിട്ടുണ്ട്. ഇന്ത്യയിലാകെ പിടിമുറുക്കാൻ ജമാത്ത് ഉൽ മുജാഹിദീൻ ശ്രമണങ്ങൾ നടത്തുന്നുണ്ടെന്ന് എൻ.ഐ.എ തലവനായ വൈ.സി മോദി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.