iran-protest

ആയിരങ്ങൾ തെരുവിൽ

പിന്തുണയുമായി അമേരിക്ക
ബ്രിട്ടീഷ് അംബാസഡറെ അറസ്റ്റ് ചെയ്ത് വിട്ടു

വാഷിംഗ്ടൺ: ഉക്രെയിൻ യാത്രാവിമാനം തകർന്ന് 176 പേർ കൊല്ലപ്പെട്ടത് സ്വന്തം സൈന്യത്തിന്റെ മിസൈലേറ്റാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കും സർക്കാരിനും എതിരെ പ്രക്ഷോഭം ആളിക്കത്തുന്നു.

സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് കള്ളം പറഞ്ഞ അയത്തൊള്ള അലി ഖമനേയി രാജി വയ്ക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികളടക്കം ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. പരമോന്നത നേതാവായ ഖമനേയിക്കെതിരായ പ്രതിഷേധം അസാധാരണമാണ്. നേരത്തെ അമേരിക്കയ്‌ക്കെതിരെ തെരുവിലിറങ്ങിയ ജനത, ഇപ്പോൾ ഖമനേയിയുടെ രാജിക്കു വേണ്ടി പ്രതിഷേധിക്കുന്നത് ലോകത്തിന് മുന്നിൽ ഇറാനെ പ്രതിസന്ധിയിലാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, വിദേശകാര്യ സെക്രട്ടറിയും പ്രതിഷേധക്കാരെ പിന്തുണച്ച് പ്രകടനത്തിന്റെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു.

വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ടെഹ്റാനിലെ അമീർ കബീർ സർവകലാശാലയിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയിരുന്നു. ഇത് പിന്നീട് വൻ പ്രതിഷേധമായി മാറുകയായിരുന്നു. പ്രക്ഷോഭത്തിൽ പങ്കാളിയായെന്നാരോപിച്ച് ഇറാനിലെ ബ്രിട്ടീഷ് അംബാസഡർ റോബർട്ട് മക്കെയ്റിനെ അറസ്റ്റ് ചെയ്തത് രാജ്യാന്തര തലത്തിൽ വിവാദമായി. മൂന്ന് മണിക്കൂറുകൾക്ക്‌ ശേഷമാണ് അദ്ദേഹത്തെ വിട്ടത്.

അംബാസഡറുടെ അറസ്റ്റിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ്‌ അറസ്റ്റ് എന്നാണ് ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബ്രിട്ടീഷ് വിദേശമന്ത്രാലയം അറിയിച്ചു.

വിപ്ലവകരമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്. 'കമാൻഡർ ഇൻ ചീഫ് ഖമനേയി രാജിവയ്ക്കൂ, കള്ളം പറയുന്നവരെ കൊല്ലൂ ' എന്നിങ്ങനെ പ്രതിഷേധക്കാർ ആർപ്പുവിളിച്ചു.
വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് അന്ന് തന്നെ സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് റവലൂഷണറി ഗാർഡ്‌സ് കമാൻഡർ അറിയിച്ചു. എന്നിട്ടും ഇറാൻ ഇക്കാര്യം മറച്ചുവച്ചു.

പ്രക്ഷോഭകർക്കൊപ്പം: ട്രംപ്

'ഇറാനിലെ ധീരരും ക്ഷമയുള്ളവരുമായ ജനങ്ങളോട്; ഞാൻ പ്രസിഡന്റായതു മുതൽ നിങ്ങളോടൊപ്പം നിന്നു. എന്റെ ഭരണകൂടം നിങ്ങളോടൊപ്പം തുടരും. ഞങ്ങൾ നിങ്ങളുടെ പ്രതിഷേധത്തെ അടുത്തറിയുന്നു, നിങ്ങളുടെ ധൈര്യത്തിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനോ ഇന്റർനെറ്റ് റദ്ദാക്കാനോ കഴിയില്ല.

അന്വേഷണം നടത്തണം:കാനഡ

വിമാനം തകർത്തത് അന്വേഷിക്കണമെന്ന് കാനഡ ഇറാനോട് ആവശ്യപ്പെട്ടു. 63 കാനഡക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ഉക്രെയിൻ ആവശ്യപ്പെട്ടു.