ലഹരിയുടെ സ്വാധീനത്താൽ ചെറുപ്പക്കാർ കുറ്റവാളികളായി മാറുന്ന ഞെട്ടിക്കുന്ന കാഴ്ചകൾക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
പ്രണയബന്ധങ്ങളിൽ വിള്ളൽ വീണാൽ കാമുകിയെ കഴുത്തറുത്ത് കൊല്ലുകയും കൊലപാതകം ആസൂത്രണം ചെയ്യുകയും ആസിഡ് ആക്രമണം നടത്തുകയും ചെയ്യുന്ന തരത്തിലേക്ക് ഭീകരതയുടെ ആൾരൂപങ്ങളായി മാറുകയാണ് ചെറുപ്പക്കാർ. നല്ലൊരു ശതമാനം കേസുകളിലും പ്രതികളുടെ ഇത്തരം പെരുമാറ്രത്തിന് കാരണം ലഹരിയാണ്. സ്കൂൾ ക്ളാസുകളിൽ വച്ചുതന്നെ ലഹരി ഉപയോഗിക്കുന്ന കുട്ടികൾ കാലക്രമത്തിൽ ചിന്താശേഷി നഷ്ടപ്പെടുന്നവരായും അക്രമവാസനയും ക്രൂരമായ പെരുമാറ്റവുമുള്ളവരായി മാറുകയാണ് .
കുട്ടികളിലെയും ചെറുപ്പക്കാരിലെയും ലഹരി ഉപയോഗത്തിന് അടിയന്തരമായി തടയിട്ടില്ലെങ്കിൽ ലഹരിക്ക് അടിമപ്പെട്ട ചെറുപ്പക്കാർ കാരണം വരുംതലമുറയുടെ ഭാവിയും ഈ സമൂഹത്തിന്റെ സുരക്ഷിതത്വവും ഇരുളടയുമെന്ന കാര്യത്തിൽ തർക്കമില്ല. പൊലീസ് - നിയമസംവിധാനങ്ങൾ മാത്രമല്ല ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത്. കുടുംബാന്തരീക്ഷം ആരോഗ്യകരമാവുകയും രക്ഷിതാക്കളും അദ്ധ്യാപകരും നിതാന്തശ്രദ്ധ പുലർത്തുകയും വേണ്ടത് അനിവാര്യമാണ്. കുട്ടികളിലെ അസ്വാഭാവികമായ പെരുമാറ്റങ്ങൾ, തെറ്റായ കൂട്ടുകെട്ടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ അവർ പോലുമറിയാതെ അവരെ കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൂട്ടായ്മ രൂപപ്പെടണം. ഇതിന് അടിയന്തര ഘട്ടത്തിൽ പൊലീസിന്റെ സഹായവും തേടാം. പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മുക്കിലും മൂലയിലും കഞ്ചാവും മയക്കുമരുന്നുകളും യഥേഷ്ടം ലഭ്യമാക്കുന്ന ലഹരി മാഫിയ സംഘങ്ങൾ പെരുകുകയാണ്. ഇവരെക്കുറിച്ച് വിവരം നൽകാൻ ശ്രമിച്ചത് കാരണം കൊലക്കത്തിക്ക് ഇരയായ നിരവധി പേരുണ്ട്.
ക്രമസമാധാനരംഗത്തിന്റെ സൂക്ഷ്മശ്രദ്ധയും കർക്കശ ഇടപെലുകളും ഉണ്ടെങ്കിൽ ഇതിന് വിരാമമിടാൻ കഴിയൂ. സ്കൂളുകൾക്കും കോളേജുകൾക്കും നിറുത്തിയിട്ട വാഹനങ്ങളിൽ ലഹരി വില്പന നടക്കുന്നതായി പലപ്പോഴും കണ്ടെത്തിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമീപം കൃത്യമായ വാഹന പരിശോധന നടക്കുന്നതായി അറിവില്ല. മാനസിക നില തന്നെ തകരാറിലാക്കുന്ന ലഹരി വസ്തുക്കളാണ് ചെറുപ്പക്കാരെ പകയോടെ പ്രതികരിക്കുന്നവരാക്കി മാറ്റുന്നത്. മുൻപെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത തരം ലഹരി വസ്തുക്കൾ കുട്ടികളുടെയും ചെറുപ്പക്കാരുടെയും കൈയെത്തും ദൂരത്തുണ്ട്. സർക്കാർ സംവിധാനങ്ങൾ ലഹരിക്കെതിരെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യത്നങ്ങൾ പര്യാപ്തമല്ലെന്ന സൂചനയാണ് ലഹരി സംഘങ്ങളുടെ എണ്ണത്തിലെ വർദ്ധന കാണിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യാപകമായ പ്രതിരോധപ്രവർത്തനങ്ങൾ ഉണ്ടാവണം.
കെ. വിശ്വനാഥൻ
ആലുവ