represent-picture

ശ്രീനഗർ: മുമ്പ് ഇന്ത്യൻ സൈനികരുടെ തലയറുക്കുകയും മൃതദേഹങ്ങളോട് ക്രൂരത കാട്ടുകയും ചെയ്‌തിട്ടുള്ള പാകിസ്ഥാന്റെ കിരാത സേനയായ ബോർഡർ ആക്‌ഷൻ ടീം ഒരു ഇന്ത്യൻ സിവിലിയന്റെ തല അറുത്തെടുത്തതായി സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.

ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്‌ക്കു സമീപം വെള്ളിയാഴ്ച പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ പൗരന്മാരിൽ ഒരാളുടെ തലയാണ് അറുത്തെടുത്തത്. പാകിസ്ഥാന്റെ ബോർഡർ ആക്‌ഷൻ ടീം ആദ്യമായാണ് ഒരു സിവിലിയനോട് ഈ ക്രൂരത കാട്ടുന്നത്.

ഇന്ത്യൻ സേനയുടെ പോർട്ടർമാരും ഗുർപൂർ കസാലിയാൻ സ്വദേശികളുമായ മുഹമ്മദ് അസ്‌ലം (28), അൽത്താഫ് ഹുസൈൻ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. അസ്‌ലമിന്റെ വികൃതമാക്കപ്പെട്ട മൃതദേഹത്തിൽ തല ഇല്ലായിരുന്നെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.വെള്ളിയാഴ്‌ച നിയന്ത്രണ രേഖയ്‌ക്ക് സമീപം ഇന്ത്യൻ സൈന്യത്തിന്റെ സാധനസാമഗ്രികൾ ചുമന്നുകൊണ്ട് പോയ പോർട്ടർമാർക്ക് നേരെ പാക് പട്ടാളം ഷെല്ലാക്രമണം നടത്തുകയായിരുന്നു. രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.. മൃതദേഹങ്ങൾ പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

'പ്രൊഫഷണൽ സേനകൾ ഇത്തരം പൈശാചിക കൃത്യങ്ങൾ ചെയ്യില്ല.ഇന്ത്യൻ സിവിലിയന്മാർ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ആദ്യമാണ്. ഇന്ത്യൻ പട്ടാളക്കാരോട് ഇതിലും ക്രൂരമായി പാക് സൈന്യം പെരുമാറിയിട്ടുണ്ട്. ഇത്തരം കിരാത പ്രവ‌ൃത്തികൾ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യില്ല. ഇന്ത്യ സൈനികമായി തന്നെ ശക്തമായ നടപടികൾ കൈക്കൊള്ളും'.

-- ജനറൽ എം.എം നരവനെ

കരസേനാ മേധാവി

ബോർഡർ ആക്‌ഷൻ

ടീം ( ബാറ്ര്)

പാക് സൈനിക കമാൻഡോകളും ഭീകരരും ഉൾപ്പെടുന്നു

പാക് കരസേന എട്ട് മാസവും വ്യോമസേന ഒരു മാസവും ഇവരെ പരിശീലിപ്പിക്കും

ഗറില്ല പോർ തന്ത്രങ്ങളിൽ വൈദഗ്ദ്ധ്യം

അതിർത്തി കടന്നുള്ള ഓപ്പറേഷനുകൾ

ഭീകരരെ ഉൾപ്പെടുത്തുന്നത് പിടിക്കപ്പെട്ടാൽ അവരെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാൻ

ബാറ്റിന്റെ ക്രൂരതകൾ

1999:കാർഗിൽ യുദ്ധകാലത്ത് കാപ്റ്റൻ സൗരഭ് കാലിയയെ വധിച്ച് ഭൗതിക ദേഹം വികൃതമാക്കി.

2008:ഗൂർഖാ റൈഫിൾസിലെ ഭടനെ ബന്ദിയാക്കി. ദിവസങ്ങൾക്ക് ശേഷം തല വെട്ടി

2013:ലാൻസ് നായിക് ഹേമരാജിനെ കൊന്ന് തല വെട്ടി

2016:മാച്ചിൽ സെക്‌ടറിൽ ഇന്ത്യൻ ഭടനെ കൊന്ന് മൃതദേഹം ഛിന്നഭിന്നമാക്കി

2017:ജമ്മുകാശ്‌മീരിലെ കൃഷ്ണാ ഗട്ടി സെക്‌ടറിൽ രണ്ട് ഇന്ത്യൻ ഭടന്മാരെ വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കി