thomas

കോട്ടയം: കേരള കാർട്ടൂൺ അക്കാഡമി സെക്രട്ടറിയും കാരിക്കേച്ചറിസ്റ്റുമായ കോട്ടയം വാരിശേരി ഉല്ലാസ് ഭവനിൽ തോമസ് ആന്റണി (62) നിര്യാതനായി. ചിത്രകലാ പരിഷത്ത് കോട്ടയ്‌ക്കലിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് അവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഭാര്യ: മോളമ്മ (മണിമല നഗരൂർ കുടുംബാംഗം). മകൻ: ഉല്ലാസ്. സംസ്‌കാരം ഇന്ന് മൂന്നിന് കുടമാളൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ചങ്ങനാശേരി വലിയവീട്ടിൽ ആന്റണി - അച്ചാമ്മ ദമ്പതികളുടെ മകനായ തോമസ് ആന്റണി ദീർഘകാലം ദീപിക ദിനപത്രത്തിലായിരുന്നു. 2008 മുതൽ മെട്രൊ വാർത്തയിൽ എക്സിക്യൂട്ടീവ് ആർട്ടിസ്റ്റാണ്. കേരള ലളിതകലാ അക്കാഡമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ചിത്രകലാ പരിഷത്ത് ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആറു തവണ കോട്ടയം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. 2001ൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായി.
ദി ഹാർട്ട് അനിമേഷൻ ആർട്ട് അവാർഡ്, ഹിന്ദുസ്ഥാൻ ടൈംസ് കാർട്ടൂൺ അവാർഡ്, ഫ്രീ കാർട്ടൂൺ അവാർഡ് (ചൈന), ഇന്ത്യ ഇന്റർനാഷണൽ കാർട്ടൂൺ അവാർഡ്, യുണൈറ്റഡ് നേഷൻസ് പൊളിറ്റിക്കൽ കാർട്ടൂൺ അവാർഡ്, വേൾഡ് പ്രസ് കാർട്ടൂൺ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തോമസ് ആന്റണി വരച്ച ചിത്രങ്ങൾ 2005 മുതൽ വേൾഡ് പ്രസ് കാർട്ടൂൺ ബുക്കിൽ സ്ഥിരമായി ഇടം പിടിച്ചു. അമ്പതിലേറെ അന്താരാഷ്ട്ര ചിത്രപ്രദർശനങ്ങളിലും പങ്കെടുത്തു.