jk

ശ്രീനഗർ: കഴിഞ്ഞ സ്വതന്ത്ര്യദിനത്തിൽ ധീരതയ്ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ ജമ്മു- കാശ്‌മീരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദാവീന്ദർ സിംഗ്, പിടികിട്ടാപ്പുള്ളികളായ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പം ശനിയാഴ്‌ച അറസ്റ്റിലായി. ഭീകരരായ നവീദ് ബാബു, ആസിഫ് റാത്തർ എന്നിവരോടൊപ്പം ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീനഗർ - ജമ്മു ഹൈവേയിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് എ.കെ. 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.

1990ൽ ഭീകരവിരുദ്ധ സ്‌ക്വാഡിൽ പ്രവർത്തിച്ചിരുന്ന ദാവീന്ദർ ഇപ്പോൾ ശ്രീനഗർ വിമാനത്താവളത്തിൽ ഹൈജാക്കിംഗ് വിരുദ്ധ സ്‌ക്വാഡിലാണ്.

ഭീകരർക്കൊപ്പം പിടിയിലായ ഇയാളെ ഭീകരനായി കണക്കാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾ പിടിയിലായത് കാശ്മീരിലെ സുരക്ഷാ ഏജൻസികളും ഭീകരരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്.

ഭീകരസംഘടനകളായ ലഷ്‌കറെ തയ്‌ബയുടെയും ഹിസ്ബുൾ മുജീഹിദ്ദീന്റെ അൽത്താഫ് എന്ന വിഭാഗത്തിന്റെയും കമാൻഡറാണ് നവീദ്ബാബു.

കാശ്‌മീരിൽ ബീഹാർ, ബംഗാൾ സ്വദേശികളായ പതിനൊന്ന് തൊഴിലാളികളെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാനുള്ള ഓപ്പറേഷനിലാണ് ഡി.എസ്.പി ദാവിന്ദർ കുടുങ്ങിയത്.

ദാവിന്ദറിന്റെ ശ്രീനഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ എ.കെ 47 തോക്കുകളും ഗ്രനേഡുകളും പൊലീസ് പിടിച്ചെടുത്തു.

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയടക്കമുള്ള മെട്രോ നഗരങ്ങളിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഓഫീസർ ഭീകരർക്കൊപ്പം ഡൽഹിയിലേക്ക് യാത്ര ചെയ്‌തതാണ് ദുരൂഹം.

 അഫ്സൽ ഗുരുവുമായി ബന്ധം

പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിക്കൊന്ന ഭീകരൻ അഫ്സൽ ഗുരുവുമായി ദാവിന്ദറിന് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നെങ്കിലും അന്വേഷണം നടന്നില്ല. അഫ്സൽ ഗുരു സ്വന്തം കൈപ്പടയിൽ എഴുതിയതെന്ന് പറഞ്ഞ് അയാളുടെ അഭിഭാഷകൻ സുശീൽ കുമാർ മുൻപ് പുറത്തുവിട്ട ഒരു കത്തിലാണ് ദാവിന്ദർ സിംഗിനെ പറ്റി പരാമർശമുള്ളത്. 2001 ഡിസംബർ 13ന് പാർലമെന്റ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരൻ മുഹമ്മദുമായി തന്നെ പരിചയപ്പെടുത്തിയത് 'ദ്രാവിന്ദർ സിംഗ്' ആണെന്നാണ് അഫ്സൽ ഗുരു എഴുതിയിരിക്കുന്നത്. ഈ ദ്രാവിന്ദർ സിംഗ് ദാവിന്ദർ സിംഗ് ആണെന്ന് റിപ്പോർട്ടുണ്ട്.

2000ത്തിൽ ജമ്മുകാശ്‌മീരിലെ ഹംഹമ്മ ക്യാമ്പിൽ ദാവിന്ദറും സഹായി ശാന്തിസിംഗും ചേർന്ന് തന്നെ മർദ്ദിച്ചതായും പണം പിടിച്ചു വാങ്ങിയതായും അഫ്സൽ

ഗുരുവിന്റെ കത്തിലുണ്ട്. 2001ൽ ദാവിർ സിംഗിന്റെ നിർദ്ദേശപ്രകാരം താൻ ഒരാളെ ഡൽഹിയിൽ എത്തിക്കുകയും അയാൾക്ക് അവിടെ വീട് തരപ്പെടുത്തുകയും കാറ് വാങ്ങാൻ കൂട്ട് പോവുകയും ചെയ്‌തു. ആ കാലയളവിൽ ദാവിന്ദർ സിംഗ് തന്നെയും മുഹമ്മദിനെയും ഫോണിൽ വിളിച്ചിരുന്നെന്നും അഫ്സൽ ഗുരുവിന്റെ കത്തിലുണ്ട്.

അഫ്സൽ ഗുരുവിന്റെ അഭിഭാഷകൻ അന്നേ ഈ കത്ത് പുറത്തുവിട്ടിരുന്നെങ്കിലും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചില്ല.