letters-

വയോജനങ്ങളുടെ സംരക്ഷണത്തിന് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഏകരും ശാരീരിക അവശതകൾ അനുഭവിക്കുന്നവരുമായ വയോജനങ്ങൾ ഇന്നും ഒറ്റപ്പെട്ട നിലയിലാണ്. അതത് പൊലീസ് സ്‌റ്റേഷൻ പരിധികളിൽപ്പെട്ട വയോജനങ്ങളുള്ള വീടുകൾ മാസത്തിൽ ഒരു തവണയെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കണമെന്ന നിയമം ഉണ്ടെന്നാണ് അറിവ്. എന്നാൽ ഇതൊന്നും ഫലത്തിൽ നടപ്പാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ജീവിത സായാഹ്‌നത്തിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളുടെ കാര്യത്തിൽ സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ടെന്ന കാര്യം ഇനിയെങ്കിലും അധികൃതർ മറന്നു പോകരുത്. നിർധനരായ വയോജനങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് പുറമേ വയോജനങ്ങളുടെ സുരക്ഷിതത്വവും നിസഹായതയും കൂടി പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയണം.

സുധർമ്മ

ഹരിപ്പാട്