woman

ഉണ്ടായിരുന്ന വിവാഹബന്ധവും, പ്രണയവും അതുമായി ബന്ധപ്പെട്ട മധുരമുള്ള ഓർമകളും മറന്നുകൊണ്ട് രണ്ടാം വിവാഹം എന്നത് അംഗീകരിക്കാന്‍ കഴിയാത്ത പലരും വേദന കടിച്ചമർത്തികൊണ്ട് നമുക്കിടയിൽ ജീവിക്കുന്നുണ്ട്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ രണ്ടാം വിവാഹം ചെയ്യുന്നവരുടെ കാര്യം ചിലപ്പോൾ അതിലേറെ കഷ്ടമാണ്. തനിക്ക് മുന്നിലെത്തിയ ഇത്തരത്തിലെ രണ്ട് പേരുടെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സൈക്കോളജിസ്റ്റും കൗണ്‍സിലറായ കല മോഹന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കല മോഹന്‍ തനിക്ക് മുന്നിലെത്തിയ മനുഷ്യരുടെ കഥകൾ പങ്കുവച്ചത്.

കല മോഹന്റെ കുറിപ്പിന്റെ പൂർണരൂപം:

'' എല്ലാവർക്കും സമ്മതമായിരുന്നു ബന്ധം..
പയ്യൻ ഒരു ആക്‌സിഡന്റിൽ മരണപെട്ടു..
മാസങ്ങൾ അവൾ മാനസികമായി തകർന്ന അവസ്ഥയിൽ ആയിരുന്നു...
ഒരുപാടു നിർബന്ധിച്ചു ,പെൺകുട്ടിമറ്റൊരു വിവാഹത്തിന് സമ്മതിച്ചത്,..
പക്ഷെ ഇപ്പോൾ പറയുന്നു അവൾക്കു പറ്റുന്നില്ല എന്ന്..!''

വിവാഹത്തലേന്ന് , രാത്രി എന്റെ അടുത്ത് ഒരു കുടുംബ സുഹൃത്ത് കൊണ്ട് വന്ന കേസ്...
കലങ്ങിയ കണ്ണുകളോടെ ഇരിക്കുകയാണ് ആപെൺകുട്ടി..
ചോദിക്കുന്ന ചോദ്യങ്ങൾക്കു അവൾക്കു മാത്രം മനസ്സിലാക്കുന്ന ഉത്തരങ്ങൾ..

"ഇത് നടന്നില്ല എങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല..!
താഴെ ഉള്ള രണ്ടു പെണ്മക്കളുടെ ഭാവി കൂടി കണക്കിലെടുക്കണം എന്നും പറഞ്ഞു മകളോട് കെഞ്ചുന്ന 'അമ്മ...
അച്ഛൻ തൂങ്ങാനുള്ള കയറു എടുത്ത് വെച്ചിട്ടുണ്ട്...!
ഇടയ്ക്കവർ ഭ്രാന്ത് പിടിക്കും പോലെ ഒച്ച വെച്ചു....
അവളെ ശപിച്ചു..


തടയാനോ വിലക്കാനോ പോലുമാകാതെ ഞാനും ഇരുന്നു
ശ്വാസം നിലച്ച പോലെ ആ പെൺകുട്ടി,..
താഴേയ്ക്ക് തല കുനിച്ചു ഇരിക്കുക ആണ്..

എനിക്ക് പറ്റുന്നില്ല...ആ സ്ഥാനത്തു വേറെ ഒരാളെ പറ്റുന്നില്ല..!
ഇതല്ലാതെ അവൾ പറയുന്നതൊന്നും വ്യക്തമല്ല..
ജീവിതം ഇങ്ങനെ ഒക്കെ ആണ്..അനുഭവിക്കണം എന്നൊക്കെ പറഞ്ഞു ,
മനഃശാസ്ത്രവും തത്വശാസ്ത്രവും കൂട്ടി കലർത്തി കൗൺസിലിങ് ജ്ഞാനത്തെ എടുത്ത് കാണിക്കാനുള്ള കഴിവൊന്നും ആ സമയത്തു ഇല്ല..!


പുതിയ ബന്ധത്തിനെ സ്വീകരിക്കണം എന്ന് പറയാൻ വയ്യ...
ഭൂത കാലം ചോദിയ്ക്കാൻ തോന്നുന്നു ഇല്ല...
അല്ലേൽ തന്നെ ചില ചോദ്യങ്ങൾ വിഡ്ഢിത്തമാണ്..!

പ്രണയത്തോടൊപ്പം ആ വ്യക്തിയുടെ ശീലങ്ങളും സ്വന്തമാക്കുന്ന കാലങ്ങൾ...
അതൊരു ഹരമാണ്...
ലഹരി ആണ്... പ്രതിഭാസമാണ്...!


അനുഭവസ്ഥർക്കല്ലാതെ ഇനിയൊരാൾക്കും പറഞ്ഞാൽ മനസ്സിലാകാത്ത ഏടുകൾ..
ആർദ്രത തൊട്ടറിയണം...

ഏറെ നേരം മകളെ നോക്കി ഇരുന്ന ശേഷം ,
'അമ്മ എഴുന്നേറ്റു, അവളുടെ കയ്യിൽ ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചു..
തികട്ടി വന്ന തേങ്ങൽ അവർ പിടിച്ചു വെച്ചിരിക്കുക ആണെന്ന് തോന്നി..
''നാളെ വിവാഹം കഴിയും..
അത് കഴിഞ്ഞു നീ എന്താണെന്നു വെച്ചാൽ ചെയ്യ്...!


ഒരേ സമയം അതിശയവും , ദേഷ്യവും സങ്കടവും എന്നിലുണ്ടായി..
അവൾക്കു വേണ്ടി
ഒന്നും ചെയ്യാൻ പറ്റാത്തതിൽ ഉള്ള പ്രതിഷേധം എന്റെ മനഃസാക്ഷിയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു...
തീർച്ചയായും പുതിയ ഒരു ജീവിതം സ്വീകരിക്കണം..
പക്ഷെ , അതിനൊരു സാവകാശം കൊടുക്കണം ...
എന്നോട് തന്നെ ഞാൻ പറഞ്ഞു..
ഓ..അവൾക്കൊരു കുഴപ്പവുമില്ല , സന്തോഷമായി അവന്റെ ഒപ്പം പോയി..
വിവാഹം കഴിഞ്ഞു , കുറച്ചു ദിവസം കഴിഞ്ഞു കുടുംബസുഹൃത്തിനെ വിളിച്ചു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഇതാണ്..
അത് തന്നെ ആകട്ടെ വാസ്തവം എന്ന് പ്രാർത്ഥിച്ചു ,,,

ഒരു കോളേജിൽ ,ക്ലാസ് എടുക്കാൻ വിളിച്ചു..
പരിപാടി കഴിഞ്ഞു ഇറങ്ങുമ്പോൾ ഒരു പെൺകുട്ടി കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു വന്നു..
അടുത്ത് വിവാഹം കഴിച്ചതാണ്...


അവളുടെ ആഭരണങ്ങളുടെ തിളക്കം കണ്ടപ്പോൾ ഊഹിച്ചു..
രണ്ടാം വിവാഹമാണ്..
വലിയ കുറ്റം ചെയ്ത ഭാവത്തിൽ അവൾ പതിയെ പറഞ്ഞു..
''ആദ്യ ഭർത്താവു ആക്‌സിഡന്റിൽ മരിച്ചു..
ആ നേരം ഞാൻ ഗർഭിണി ആയിരുന്നു..
സ്നേഹിച്ചു വിവാഹം കഴിച്ചതായിരുന്നു..
വീട്ടുകാർ നിർബന്ധിച്ചു ഗർഭം അലസിപ്പിച്ചു..
ഒരുപാടു എതിർത്തിട്ടും എന്നെ ഒരു വര്ഷം കഴിഞ്ഞ ഉടനെ രണ്ടാമത് വിവാഹം കഴിപ്പിച്ചു..
ഭാര്തതാവിന്റെ വീട്ടുകാരും നല്ലതാണ്...
ആ അമ്മയാണ് എന്നെ പഠിത്തം തുടരണം എന്ന് നിർബന്ധിച്ചു ഇങ്ങോട്ടു വിടുന്നത്..
എല്ലാരും സ്നേഹമുള്ള ആളുകൾ..


പക്ഷെ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല..
മരിച്ചു പോയ ആളിനോട് ഞാൻ തെറ്റ് ചെയ്ത പോലെ..
ഒരു കുഞ്ഞിന്റെ കരച്ചിൽ എവിടെയോ കേൾക്കുന്ന പോലെ...
ഇനിയും പുതിയ ജീവിതത്തെ മനസ്സ് കൊണ്ട് ഉൾകൊള്ളാൻ പറ്റുന്നില്ല...!

രണ്ടു പെൺകുട്ടികളുടെ വീട്ടുകാരുടെയും നിസ്സഹായാവസ്ഥ മനസിലാക്കാം...

വിധവ എന്ന സ്ത്രീ, അല്ലേൽ ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന അവൾ , ഈ നൂറ്റാണ്ടിലും ലോകാപവാദങ്ങളുടെ ഇര ആണ്..
ആ ചലനങ്ങൾ , ചിന്തകൾ ഒക്കെ കണ്ണ് ചിമ്മാതെ വീക്ഷിക്കാൻ നൂറു പേരുണ്ടാകും..
അവളുടെ , വിലക്കപ്പെട്ട വ്യക്തി സ്വാതന്ത്ര്യം എത്ര മാത്രം ശ്വാസം മുട്ടിക്കുമെന്നു ഊഹിക്കാൻ ആകില്ല....
സഹതാപം നേടുക എന്നതിലുപരി അവൾ മറ്റൊന്നും ആഗ്രഹിക്കാൻ പാടില്ല..


വിറങ്ങലിച്ച മനസ്സുമായി , അതിലെ ചോര വാർന്ന വൃണങ്ങളുമായി എത്ര കാലം വേണമെങ്കിലും ജീവിക്കാം..
ആസക്തിയ്ക്ക് വിധേയയാകുന്നോ എന്ന് നിരീക്ഷിക്കാൻ സദാചാരവാദികൾ ഉറക്കം ഒഴിഞ്ഞു കാവൽ ഇരിക്കും...
അവളുടെ ശരീര വടിവിനുള്ളിലെ കാമം സ്വകാര്യതയും ഇഷ്‌ടങ്ങളും തേടി പോയാലോ..!!
നീ വിധവ എന്ന് സദാ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ഉപദേശങ്ങളും നോട്ടങ്ങളും..

എത്ര വലിയ കൊടുംകാറ്റിനും മുന്നിൽ ഉലയാത്ത പെണ്ണിനേയും തകർക്കാൻ ചില അഭ്യുദയകാംഷികളുടെ വാക്കുകൾക്ക് കഴിഞ്ഞേക്കാം..

മറക്കാൻ സമയം വേണമെന്ന് ദുരന്തങ്ങൾ നേരിടുന്ന ഓരോ പെണ്ണും കരഞ്ഞു കെഞ്ചുമ്പോളും ,
ആ മനസ്സിനെ കാൾ,
മാതാപിതാക്കളും ഉറ്റവരും ചിന്തിക്കുന്നത് ഇതൊക്കെ ആണ്...
കപടസദാചാരത്തിന്റെ മദം പൊട്ടിയാൽ പിന്നെ രക്ഷയില്ല..
ഇര ആകപ്പെടുന്നതിനു മുൻപ് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ വീട്ടുകാർക്ക് മുന്നിലുള്ളൂ..
അവരെ കുറ്റംപറയാൻ ആകില്ല..

ശീലിച്ചു പോയ, അസ്ഥിക്ക് പിടിച്ച മണമുണ്ടല്ലോ..
അതൊന്നു മറക്കാൻ,
ശ്വാസം വലിച്ചെടുത്തു കൊടുത്തും വാങ്ങിയ ഉമ്മകളുണ്ടല്ലോ, അതൊക്കെ ഓർക്കാതിരിക്കാൻ എത്ര നാളെടുക്കും എന്ന് അവർക്ക് അറിയില്ല.. ❤
കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്.'