mamata

പൗരത്വനിയമം ആരുടെയും പൗരത്വം റദ്ദാക്കാനല്ല
കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ശ്യാമ പ്രസാദ് മുഖർജിയുടെ പേര്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനർജിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു.

രണ്ട് ദിവസത്തെ സർശനത്തിന് ശനിയാഴ്ച ബംഗാളിലെത്തിയ മോദിയെ കണ്ട് പൗരത്വഭേദഗതി നിയമം പുനഃപരിശോധിക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ ഇന്നലെ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150–ാം വാർഷികത്തിന്റെ ഉദ്ഘാടനവേളയിലാണ് മമതയ്ക്കെതിരെ മോദി ആഞ്ഞടിച്ചത്.

പ്രധാനമന്ത്രിയുടെ എല്ലാ പരിപാടികളും മമതാബാനർജി ബഹിഷ്‌കരിച്ചു.

പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി, ആയുഷ്‌മാൻ ഭാരത് പദ്ധതി എന്നിവ ബംഗാളിൽ നടപ്പാക്കാത്തതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.

'ഇടനിലക്കാർക്ക് പണം കിട്ടാത്തതിനാൽ ദീദി പദ്ധതികളെല്ലാം ജനങ്ങളിലെത്താതെ തടയുകയാണ്. സംസ്ഥാനത്തെ നയരൂപീകരണ വിദഗ്ദ്ധർക്ക് നല്ല ബുദ്ധി തോന്നിക്കാൻ താൻ ഈശ്വരനോട് പ്രാർത്ഥിക്കും.'- മോദി പറഞ്ഞു.

ബംഗാളിന്റെ വികസനത്തിന് കേന്ദ്രം മുൻകൈ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ബംഗാളിലെ 90 ലക്ഷം ജനങ്ങൾക്ക് ഗ്യാസ് കണക്‌ഷൻ ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ആയുഷ്‌മാൻ ഭാരത്, കിസാൻ സമ്മാൻ നിധി, എന്നിവയ്‌ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ ജനങ്ങൾക്ക് അവയുടെ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പേര് ഡോ. ശ്യാമ പ്രസാദ് മുഖർജി പോർട്ട് എന്ന് പ്രധാനമന്ത്രി പുനർനാമകരണം ചെയ്തു.

ശനിയാഴ്ച ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠവും മോദി സന്ദർശിച്ചിരുന്നു.

ആരുടെയും പൗരത്വം റദ്ദാക്കില്ല

പൗരത്വ നിയമം ആരുടെയും പൗരത്വം റദ്ദാക്കാനല്ല, പൗരത്വം നൽകാനാണ്. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധിയും മറ്റു നേതാക്കളും പാകിസ്ഥാനിലെ പീഡിത മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ലോകത്തിന് അറിയാം. 70 വർഷമായി ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ നടത്തിയത് എന്തിനാണെന്ന് പാകിസ്ഥാൻ ഉത്തരം നൽകണം.

–നരേന്ദ്രമോദി കൊൽക്കത്തയിൽ പറഞ്ഞത്

പ്രതിഷേധം

മോദിക്കെതിരെ കൊൽക്കത്തയിൽ വൻ പ്രതിഷേധം അരങ്ങേറി. വിമാനത്താവളത്തിലും നഗരത്തിലെമ്പാടും മോദി ഗോബാക്ക് വിളിച്ച് വിദ്യാർത്ഥികളടക്കം ആയിരങ്ങൾ തെരുവിലിറങ്ങി. തൃണമൂൽ കോൺഗ്രസ്, ഇടത് സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മോദിയുമായി ചർച്ച നടത്തിയ മമതയ്‌ക്കെതിരെയും പ്രതിഷേധം ഉയർന്നു.