rape-case

കോട്ടയം: തലയോലപ്പറമ്പ് വെള്ളൂരിൽ പീഡനത്തെ തുടർന്ന് ഗർഭിണിയായ പതിനേഴുകാരിയും മാതാപിതാക്കളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച ഇറുമ്പയം സ്വദേശി ജിഷ്‌ണുദാസിനെ (20) പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടി ഗർഭിണിയായതിലുള്ള മനോവിഷമവും തുടർന്നുണ്ടായ കേസും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യയ്‌ക്കുള്ള കാരണമെന്നാണ് സൂചന.

ഇന്നലെ രാവിലെയാണ് പ്ലസ്‌ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ സ്വന്തം മുറിയിലും, മാതാപിതാക്കളെ മറ്റൊരു മുറിയിലും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ ഡോക്‌ടർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത വിവരം നാട്ടുകാരറിഞ്ഞ നാണക്കേടിലാണ് കുടുംബം ജീവനൊടുക്കിയത്.രണ്ടു വർഷം മുമ്പ് പെൺകുട്ടിയുടെ സഹോദരി പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു കുടുംബം. ഇതിനിടെയാണ് പെൺകുട്ടി ജിഷ്‌ണുദാസുമായി അടുക്കുന്നത്. മറ്റാരുമില്ലാത്ത സമയങ്ങളിൽ ഇയാൾ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറഞ്ഞു.