സിഡ്നി:ഇനിയും അണയാത്ത കാട്ടു തീയുടെ താണ്ഡവത്തിൽ കരിഞ്ഞ മണ്ണിലേക്ക് ഫ്രഷ് കാരറ്റുകൾ മഴപോലെ പെയ്തു. ഒപ്പം മധുരക്കിഴങ്ങും ബീൻസും മറ്റനേകം പച്ചക്കറികളും. ഒരിറ്റ് കുടിനീരിനായി കാതങ്ങൾ അലഞ്ഞ, കണ്ണെത്തുന്ന ദൂരത്തൊന്നും പച്ചയുടെ നറുനാമ്പുപോലും കണ്ടുകിട്ടാത്ത കങ്കാരുക്കളും കോലകളും ഉൾപ്പെടുന്ന മൃഗക്കൂട്ടം 'പച്ചക്കറി മഴ'യെ ആഹ്ളാദത്തോടെ വരവേറ്റു. വയറുനിറയെ കഴിച്ചു.
കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ ആസ്‌ട്രേലിയയിലെ വന്യജീവികൾക്ക് ന്യൂ സൗത്ത് വെയ്ൽസ് നാഷണൽ പാർക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവർത്തകരുമാണ് ആകാശത്തുനിന്ന് ഭക്ഷണം വിതറിയത്. ആയിരക്കണക്കിന് കിലോ പച്ചക്കറികളാണ് ഹെലികോപ്ടറിൽ നിന്ന് മൃഗങ്ങൾക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്.
'ഹാപ്പി കസ്റ്റമർ' എന്ന തലക്കെട്ടിൽ പച്ചക്കറികൾ കഴിക്കുന്ന വന്യജീവികളുടെ ചിത്രങ്ങളും, ഹെലികോപ്ടറിൽ നിന്ന് പച്ചക്കറികൾ താഴേക്കിടുന്ന ചിത്രങ്ങളും അധികൃതർ ട്വീറ്റ് ചെയ്തു. ഇത് സോഷ്യൽമീഡിയയിൽ വൈറലായി. വന്യജീവികൾക്ക് ഭക്ഷണം നൽകിയ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ പ്രവഹിച്ചു. സെപ്തംബറിൽ തുടങ്ങി ഇപ്പോഴും തുടരുന്ന കാട്ടുതീയിൽ 50 കോടിയോളം മൃഗങ്ങൾ വെണ്ണീറായെന്നാണ് റിപ്പോർട്ട്. ആസ്‌ട്രേലിയയിൽ മാത്രമുള്ള കംഗാരുക്കളും കോലകളും നിരവധി ഇനം പക്ഷികളും ഉരഗങ്ങളും സസ്തനികളും ചത്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.