bjp-

മുംബയ് : മഹാരാഷ്ട്രയിൽ ശിവസേനയിലെ 35 എം..എൽ..എമാർ പാർട്ടി തീരുമാനങ്ങളിൽ സംതൃപ്തരല്ലെന്ന് ബി.ജെ.പി എം.പി നാരായൺ റാണെ. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന മൂന്ന് പാർട്ടികൾ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കാൻ ഉദ്ധവ് താക്കറെ കഷ്ടപ്പെടുന്നുണ്ടെന്നും നാരായൺ റാണെ അഭിപ്രായപ്പെട്ടു.

സഖ്യത്തിൽ പ്രശ്നങ്ങൾ ഉണ്ട്. മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിൽ തിരികെഎത്തുമെന്നും റാണെ പറഞ്ഞു. ബി.ജെ.പിക്ക് 105 എം.എൽ.എമാരുണ്ട്. എന്നാൽ ശിവസേനയ്ക്കുള്ളത് 56 പേരാണ്. അതിൽ 35 പേർ അസംതൃപ്തരുമാണെന്ന് റാണെ കൂട്ടിച്ചേർത്തു.

വായ്പകൾഎഴുതി തള്ളുമെന്ന വാഗ്ദാനം പൊള്ളയാണെന്നും റാണെ പറഞ്ഞു. എന്ന് എഴുതി തള്ളുമെന്ന് വിശദമാക്കാതെയാണ് വാഗ്ദാനമെന്നും റാണെ പറഞ്ഞു. ഔറംഗബാദ് സന്ദര്‍ശിച്ച മുഖ്യമന്ത്രി മേഖലയ്ക്കായി പ്രത്യേകിച്ച് പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും റാണെ ആരോപിച്ചു. എങ്ങനെ സർക്കാർ കൊണ്ടുപോവണമെന്ന് ഇവർക്ക് അറിയില്ല. അഞ്ച് ആഴ്ചകൾ എടുത്താണ് അവർ സർക്കാർ രൂപീകരിച്ചത്. ഇത്തരമൊരു സർക്കാരിൽ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കണമെന്നും റാണെ പറഞ്ഞു. എന്നാൽ രാജ് താക്കറെ നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര നവനിർമാൺ സേനയും ബി.ജെ.പിയുമായുള്ള ധാരണകളെപ്പറ്റി റാണെ പ്രതികരിച്ചില്ല.