കോഴിക്കോട്: സെൻസസും ജനസംഖ്യ രജിസ്റ്ററും തമ്മിൽ വ്യത്യാസമുള്ളതുകൊണ്ടാണ് കേരളത്തിൽ എൻ..ആർ..സി നടപ്പാക്കില്ലെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനസംഖ്യാ രജിസ്റ്റർ ചതിക്കുഴിയാണ്. ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കിയാേലെ പൊരത്വ രജിസ്റ്റർ തയ്യാറാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷിത കോട്ടയാണ് കേരളം. ഇവിടെ ഒരു സംഘപരിവാർ ഭീഷണിയും വിലപ്പോവില്ല. വർഗീയവാദികളെയും തീവ്രവാദ ശക്തികളെയും മാത്രമാണ് നമ്മൾ മാറ്റി നിര്‍ത്തുന്നതെന്നും പിണറായി പറഞ്ഞു. നമ്മൾ ഒരുമിച്ച് നിന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കേണ്ടി വരും. സെൻസസിനപ്പുറം ഒരു സെന്റിമീറ്റർ പോലും സർക്കാർ മുന്നോട്ടു പോകില്ല. നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നത്. ഒരു തരത്തിലുള്ള ഭീഷണിയും നമ്മുടെ നാട്ടിൽ ചെലവാകില്ല. ഒരുമയാണ് നമ്മുടെ കരുത്തെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോദി സർക്കാർ നടപ്പാക്കുന്നത് ആർ.എസ്.എസ് നയമാണ്. ദേശീയ പൗരത്വ രജിസ്റ്റർ എന്നത് ആർ.എസ്.എസ് അജണ്ടയാണ്. ഒരു വിഭാഗത്തെ പൗരത്വത്തിൽ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നതാണ് ഇവരുടെ ലക്ഷ്യം. ആർ..എസ്..എസിന്റെ ഉള്ളിലിരിക്കുന്നത് നടപ്പാക്കാനല്ല കേരളത്തിലെ സർക്കാർ. ഭരണഘടനയെ തകർക്കാനുള്ള ശ്രമം പാർലമെന്റിന് ഉള്ളിൽ തന്നെ നടക്കുകയാണെന്നും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത ആർ..എസ്..എസിന് ഭരണഘടനയോട് പുച്ഛമാണെന്നും പിണറായി പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു നടപടിയും സ്വീകരിക്കില്ല. വീട് കയറിയുള്ള ഒരു കണക്കെടുപ്പും ഇതിന്റെ ഭാഗമായി നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.