കൊച്ചി: തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവത്തിനെത്തിയ ഭക്തർക്ക് പൊലീസ് ഒരുക്കിയ 'സേഫ്‌റ്രി പിൻ സുരക്ഷ' ശ്രദ്ധേയമായി. കുട്ടികളുടെയും സ്‌ത്രീകളുടെയും സ്വർണമാലകൾ സേഫ്‌റ്രിപിന്നുപയോഗിച്ച് വസ്‌ത്രവുമായി ചേർത്തു നൽകിയാണ് പൊലീസ് പ്രശംസ പിടിച്ചുപറ്രിയത്. വനിതാ പൊലീസും വിദ്യാർത്ഥികളുമാണ് ഈ ഉദ്യമം ഒരുക്കിയത്.
തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ഭക്തസഹസ്രങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കാലടി പൊലീസ് നടപ്പാക്കിയ പരിപാടിയിൽ ക്ഷേത്ര ട്രസ്റ്റും നടതുറപ്പിനോടനുബന്ധിച്ച് ശുചിത്വ സേവനത്തിനെത്തിയ എസ്.സി.എം.എസ്. കോളജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികളും സേഫ്‌റ്രി പിൻ സുരക്ഷാ ഒരുക്കത്തിൽ പങ്കാളികളായി.
കാലടി സി.ഐ. ടി.ആർ. സന്തോഷ്, എസ്.ഐ. റിൻസ് എം. തോമസ്, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രാതുൽ രാം, അംഗങ്ങളായ കെ.കെ. ബാലചന്ദ്രൻ, കെ.എ. പ്രസൂൺകുമാർ, പി.ജി. സുകുമാരൻ എന്നിവർ പങ്കെടുത്തു.