ദോഹ : സ്പാനിഷ് ഫുട്ബാൾ ക്ളബ് എഫ്.സി ബാഴ്സലോണ തങ്ങളുടെ ഇതിഹാസ താരം സാവി ഹെർണാണ്ടസിനെ പരിശീലകനായി നിയമിക്കാനുള്ള ശ്രമം തുടങ്ങി. ഏണസ്റ്റോ വൽവെർദെയ്ക്ക് പകരം സാവിയെ കോച്ചാക്കാൻ അദ്ദേഹവുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി ബാഴ്സലോണ ക്ളബ് ഉടമകൾ അറിയിച്ചു.
39 കാരനായ സാവി ഇപ്പോൾ ഖത്തറിലെ അൽ സാദ് ക്ളബിന്റെ പരിശീലകനാണ്. ബാഴ്സലോണയുടെ അക്കാഡമിയിലൂടെ കരിയർ തുടങ്ങിയ സാവി ബാഴ്സയ്ക്ക് വേണ്ടി 855 മത്സരങ്ങൾ കളിച്ചശേഷം 2015 ലാണ് അൽസാദിലേക്ക് കളിക്കാരനായി ചേക്കേറിയത്. കഴിഞ്ഞ ജൂലായിലായി കളിക്കളത്തിൽനിന്ന് വിരമിച്ച് കോച്ചായി മാറിയത്.
മദൻലാലും ഗംഭീറും
ഉപദേശക സമിതിയിൽ
ന്യൂഡൽഹി : മുൻ ഇന്ത്യൻ താരങ്ങളായ മദൻ ലാലിനെയും ഗൗതം ഗംഭീറിനെയും ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായി നിയമിക്കും. പുതിയ സെലക്ഷൻ കമ്മിറ്റിയെ നിയമിക്കുന്നത് ഇവരടങ്ങിയ ഉപദേശക സമിതിയായിരിക്കും. മദൻലാൽ 1983 ലോകകപ്പ് നേടിയ ടീമംഗവും ഗംഭീർ 2011 ലോകകപ്പ് നേടിയ ടീമംഗവുമാണ്.