anpazhakanb

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്തകം എഴുതിയ മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അൻപഴകനെ അറസ്റ്റ് ചെയ്തു. സ്മാർട്ട് സിറ്റി അഴിമതി എന്ന പേരിൽ രചിച്ച പുസ്തകം ചെന്നൈയിലെ പുസ്തക മേളയിൽ പ്രദർശിപ്പിച്ചിരുന്നു. പുസ്തകം ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് അൻപഴകനെ അറസ്റ്റ് ചെയ്തത്. തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി അൻപഴകൻ ആരോപിച്ചു. സംഭവത്തില്‍ തമിഴ്നാട് പ്രസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി.

വികസന പദ്ധതികളുടെ മറവിൽ അണ്ണാ ഡി.എം.കെ സർക്കാരിന്റെ കോടികളുടെ അഴിമതിയെക്കുറിച്ച്

വിവരവാകാശ രേഖകൾ ഉൾപ്പെടുത്തിയായിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചത്. സർക്കാർ വിരുദ്ധ പുസ്തകമെന്നും സ്റ്റാൾ അടച്ചുപൂട്ടണമെന്നും സംഘാടകർക്ക് കഴിഞ്ഞ ദിവസം സർക്കാർ നോട്ടീസ് അയച്ചിരുന്നു. സംഘാടകരുടെ അഭ്യർത്ഥന പ്രകാരം സ്റ്റാൾ പൂട്ടി മടങ്ങിയതിന് പിന്നാലെയാണ് അൻപഴകനെ അറസ്റ്റ് ചെയ്തത്.

സ്റ്റാൾ പൂട്ടാന്‍ ആവശ്യപ്പെട്ടതിനെതുടർന്ന് സംഘാടകരെ അൻപഴകൻ ആക്രമിച്ചെന്നും, ഈ പരാതിയിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ വ്യാജ പരാതിയാണിതെന്ന് അൻപഴകൻ ആരോപിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ തന്നെ പൊലീസ് മർദിച്ചെന്നും അൻപഴകൻ വ്യക്തമാക്കി. അൻപഴകനെ കോടതി റിമാൻഡ് ചെയ്തു.