നാവിൽ കൊതിയൂറുന്ന മീൻരുചിക്കു പിന്നിലുണ്ട് ആരോഗ്യരഹസ്യങ്ങൾ. മത്സ്യത്തിൽ പ്രോട്ടീൻ, വിറ്റാമിൻ ഡി, അയഡിൻ, ബി വിറ്റാമിനുകളായ തയമിൻ, നിയാസിൻ, ഫോളിക് ആസിഡ്, കൊബാളമീൻ, ഇരുമ്പ്, സിങ്ക് എന്നിവയുണ്ട്. ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അണുബാധ തടയും. ഒമേഗ3 ഫാറ്റി ആസിഡ് ശരീരത്തിന്റെ വളർച്ചയും വികാസവും ഉറപ്പാക്കുന്നു, വിഷാദത്തെ പ്രതിരോധിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കും. ചീത്തകൊളസ്ട്രോൾ കുറയ്ക്കും. രക്തക്കുഴലുകളുടെ ഉൾവ്യാസം കുറയുന്നത് തടയാൻ മീനെണ്ണയ്ക്ക് സാധിക്കും.
ഡി.എച്ച്.എ തലച്ചോറിന്റെ വികാസം സാദ്ധ്യമാക്കുന്നു. മീനെണ്ണ ഗർഭസ്ഥശിശുവിന്റെ നാഡീവികാസത്തിന് സഹായകമാണ്. മത്സ്യം കഴിക്കുന്നവരിൽ മറവിരോഗത്തിനും, പ്രമേഹത്തിനും സാദ്ധ്യത കുറയുന്നു. പ്രസവശേഷമുള്ള വിഷാദവും തടയും. ഉറക്കക്കുറവ് പരിഹരിക്കും. ചർമ്മത്തിന് തിളക്കവും മാർദ്ദവവും നേടാം. മുടിവളർച്ച സമൃദ്ധമാക്കും. ചെറിയ മത്സ്യങ്ങൾ കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉറവിടമാണ്. കടൽമത്സ്യങ്ങളിലെ അമിനോ ആസിഡായ ടോറിൻ കാഴ്ച മെച്ചപ്പെടുത്തി ഗ്ലൂക്കോമ, മാക്യുലാർ ഡീജനറേഷൻ, ഡ്രൈ ഐ എന്നിവയെ പ്രതിരോധിക്കുന്നു.