ശബരിമല: കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റിൽ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ശബരിമലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതുസബന്ധിച്ച അറിയിപ്പ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറി. ഇതുകൂടാതെ തന്ത്രപ്രധാന കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ അടക്കം പ്രത്യേക നിരീക്ഷണം വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ശബരിമലയിൽ സുരക്ഷ ശക്തമാക്കാൻ പത്തനംതിട്ട, കോട്ടയം എസ്.പിമാർക്കും ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി സ്പെഷ്യൽ ഓഫീസർമാർക്കും ഡി.ജി.പി നിർദ്ദേശം നൽകി. മുന്നറിയിപ്പിനെ തുടർന്ന് ഡി.ജി.പിയുടെ ചേംബറിൽ അടിയന്തര യോഗം കൂടി സുരക്ഷാ നടപടികൾ വിലയിരുത്തി. സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയിന്റുകളിൽ വിവിധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു.
ശബരിമല, വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും ദർശനത്തിന് ഭക്തർക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്ക് തീവ്രവാദികൾ കടന്നുകൂടാൻ സാദ്ധ്യതകളേറെയാണെന്ന് സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി സൂചനയുണ്ട്. ശബരിമലയിലെത്തുന്ന വിദേശ തീർത്ഥാടകരുടെ വിവരങ്ങൾ ശേഖരിക്കണം, സന്നിധാനത്തേക്കുള്ള വന പാതയായ പുല്ലുമേടിൽ പട്രോളിംഗ് ശക്തമാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഭക്തരുടെ വേഷത്തിൽ തീവ്രവാദികൾ ക്ഷേത്രത്തിൽ എത്തുമെന്നും അതീവജാഗ്രത പുലർത്തണമെന്നും സുരക്ഷാ കാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കണമെന്നും സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിഷയത്തിൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി സംസ്ഥാന പൊലീസ് മേധാവി സുരക്ഷ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ പോയിന്റുകളായി തിരിച്ചുള്ള പൊലീസ് വിന്യാസമാണ് സന്നിധാനത്തൊരുക്കിയിരിക്കുന്നത്. തീവ്രവാദ - മാവോയിസ്റ്റ് വിഭാഗങ്ങളുടെ ഭീഷണി സാദ്ധ്യതയുള്ളതായി നേരത്തേ പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കേരള പൊലീസ്, കേന്ദ്രസേനകളായ എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, കമാൻഡോസ്, സ്പെഷ്യൽ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് എന്നീ സേനാവിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് സുരക്ഷയ്ക്ക് ഒരുക്കിയിരിക്കുന്നത്. സന്നിധാനം, വാവരുനട, പാണ്ടിത്താവളം, ബെയ്ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തൽ, കാനനപാത, തുടങ്ങിയ ഇടങ്ങൾ പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.
സന്നിധാനത്ത് കൂടുതൽ പൊലീസ്
മകരവിളക്ക് പ്രമാണിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ ഭിഷണി ഉയർന്ന സാഹചര്യത്തിലും സന്നിധാനത്തും പരിസരത്തും കൂടുതൽ പൊലീസ് സേന ഇന്ന് രാവിലെ ചുമതലയേറ്റു. 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് പുതുതായി തിരക്ക് നിയന്ത്രിക്കുന്ന ജോലികൾക്ക് മാത്രമായി വിന്യസിച്ചത്.
രണ്ട് ഡിവൈ.എസ്.പിമാർ, മൂന്ന് സി.ഐ.മാർ, 16 എസ്.ഐമാർ എന്നിവരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ സന്നിധാനത്ത് 1,475 പൊലീസുകാർ നിലവിൽ ജോലിനോക്കുന്നുണ്ട്. ഇതിൽ 15 ഡിവൈ.എസ്.പി, 36 സി.ഐ, 160 എസ്.ഐ, എ.എസ്.ഐമാർ എന്നിവരും ഉൾപ്പെടും. 70 പേരടങ്ങുന്ന ബോംബ് സ്ക്വാഡ് സന്നിധാനത്ത് എപ്പോഴും പ്രവർത്തന നിരതമാണ്. പൊലീസ് ടെലി കമ്മ്യൂണിക്കേഷനിലും 20 പേരെ നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിലെ ക്വിക് റസ്പോൺസ് ടീമും മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെത്തുമെന്ന് സന്നിധാനം സ്പെഷൽ ഓഫീസർ എസ്.സുജിത്ത്ദാസ് പറഞ്ഞു.
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. മകരവിളക്ക് കഴിഞ്ഞശേഷം ഭക്തർ തിരിച്ചിറങ്ങുമ്പോൾ ഉണ്ടാകാവുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പ്രത്യേക പരിഗണനയാണ് പൊലീസ് നൽകുന്നത്. ബെയ്ലി പാലം വഴിയും കൊപ്രാക്കളത്തിന് മുന്നിലുള്ള റോഡും വഴിയാണ് ഭക്തർക്ക് കൂടുതലായി പമ്പയിലേക്ക് പോകാൻ സൗകര്യമൊരുക്കുക. ഇതിനായി കൊപ്രാക്കളത്തിന് മുന്നിലുള്ള റോഡ് ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുകയാണ്. കൂടാതെ ഇവിടം മണ്ണിട്ട് ഉയർത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് സ്പെഷൽ ഓഫീസർ പറഞ്ഞു.