jnu-attack

ന്യൂഡൽഹി: മുഖംമൂടി ധരിച്ചുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ പെരിയാർ, സബർമതി ഹോസ്റ്റലുകളിൽ അക്രമം നടത്തിയ വിദ്യാർത്ഥിനിയെ തിരിച്ചറിയാൻ സാധിച്ചുവെന്ന് ഡൽഹി പൊലീസ്. ഡൽഹി സർവകലാശാലയിൽ പേടിക്കുന്ന വിദ്യാർത്ഥിനിയാണ് മുഖം മറച്ച മറ്റുള്ളവർക്കൊപ്പം വിദ്യാർത്ഥികളെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ പെൺകുട്ടിയുടെ പേര് പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.

അതേസമയം ഈ വിദ്യാർത്ഥിനി എ.ബി.വി.പി പ്രവർത്തകയാണെന്ന വിവരമാണ് പുറത്തുവരുന്നതെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിന്റെ ഓൺലൈൻ പതിപ്പ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ പെൺകുട്ടിയുടെ മുഖം മറച്ച തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ഇടത് ആഭിമുഖ്യമുള്ള സംഘടനകളും മാദ്ധ്യമങ്ങളും പുറത്തുവിട്ടിരുന്നു.

ജനുവരി അഞ്ചാം തീയതിയാണ് ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്കെതിരായ അക്രമ സംഭവങ്ങൾ ഉണ്ടായത്. ആക്രമണത്തിൽ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന്, പുറത്തുനിന്നും ക്യാമ്പസിൽ എത്തിയ എ.ബി.വി.പി പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. മുൻപും തങ്ങൾക്ക് നേരെ ഇതേമട്ടിൽ അക്രമം നടന്നിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.

എന്നാൽ എ.ബി.വി.പി ഈ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. തങ്ങൾക്കുനേരെ അതിക്രമം ഉണ്ടായപ്പോൾ ഡൽഹി പൊലീസും നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. തുടർന്ന് ഐഷി ഘോഷ് അടക്കമുള്ള 19 വിദ്യാർത്ഥികൾക്കെതിരെ ജെ.എൻ.യു ഭരണസമിതി നൽകിയ പരാതികൾക്ക് പിറകെ ഡൽഹി പൊലീസ് കേസെടുക്കുകയായിരുന്നു.