modi

കൊൽക്കത്ത: സ്വാമി വിവേകാനന്ദന്റെ ജന്മദിന വേളയിൽ ബംഗാളിലെ ബേലൂർ മാതിലുള്ള രാമകൃഷ്ണ മിഷൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ അതൃപ്തി അറിയിച്ച് മിഷനിലെ സന്യാസിമാർ. പ്രധാനമന്ത്രിയെ രാഷ്ട്രീയ പ്രസംഗം നടത്താൻ അനുവദിക്കാൻ പാടിലായിരുന്നുവെന്നും വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം മഠത്തെ വേദിയാക്കിയത് നിർഭാഗ്യകരമാണെന്നുമാണ് ഇവിടുത്തെ ഒരു വിഭാഗം സന്യാസിമാരുടെ പക്ഷം. മോദി മഠത്തിന്റെ അതിഥിയായാണ് എത്തിയതെന്നും എന്നാൽ അതിഥികൾ എന്താണ് സംസാരിക്കേണ്ടതെന്ന കാര്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും മിഷൻ ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള സ്വാമി സുവിദാനന്ദ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. മോദിയുടെ പ്രവർത്തിയെ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രധാനമന്ത്രി പറഞ്ഞതിനോട് മഠം പ്രതീകരിക്കില്ല. ഞങ്ങൾ രാഷ്ട്രീയമില്ലാത്തവരുടെ സംഘമാണ്. ഞങ്ങൾ വീടുകൾ ഉപേക്ഷിച്ച് ഇവിടേക്ക് എത്തിയത് ലൗകിക ചിന്തകളെ വെടിഞ്ഞുകൊണ്ടാണ്. ഇന്ത്യൻ സംസ്കാരം എന്നത് 'അതിഥി ദേവോ ഭവ' എന്നതാണ്. അതിഥികളോട് എല്ലാ മര്യാദയും കാണിക്കുക എന്നതാണ് അത്. അതിഥികൾ എന്താണ് സംസാരിക്കേണ്ടതെന്നു അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. അതിന്റെ ഉത്തരവാദിത്തം ആതിഥേയനല്ല.' സ്വാമി സുവിദാനന്ദ പറയുന്നു. എല്ലാ തരത്തിൽ പെട്ടവരെയും ഉൾക്കൊള്ളുന്നതാണ് മഠത്തിന്റെ സംസ്കാരമെന്നും ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽ നിന്നുമുള്ള സന്യാസിമാർ മഠത്തിൽ ഉണ്ടെന്നും സ്വാമി വ്യക്തമാക്കി.

മോദിയുടെ സന്ദർശനത്തെ മഠത്തിലെ അംഗമായ ഗൗതം റോയിയും അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. മോദി മഠത്തിലെ അന്തേവാസി അല്ലെന്നും അതിനാൽ മഠത്തിൽ വന്ന് അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു, മാത്രമല്ല ഏറെ നാളുകളായി രാമകൃഷ്ണ മിഷൻ രാഷ്ട്രീയ വത്കരിക്കപ്പെടുകയാണെന്നും ആർ.എസ്.എസുമായി ബന്ധമുള്ള ഏതാനും പേരെ മഠത്തിൽ ഉൾപ്പെടുത്തിയത് കാരണമാണ് ഇത് സംഭവിച്ചതെന്നും ഗൗതം റോയ് വ്യക്തമാക്കി. മോദിയെ മഠത്തിലേക്ക് ക്ഷണിച്ചതിൽ മഠത്തിലെ നിരവധി പേർ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

'ജനങ്ങൾക്ക് നിരന്തരം പ്രശ്നമാണ് സൃഷ്ടിക്കുന്ന മോദിയെപ്പോലൊരാളെ' മഠത്തിലേക്ക് വിളിക്കാൻ പാടില്ലായിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി സന്യാസിമാർ നേരത്തെ തന്നെ മഠം അധികൃതർക്ക് കത്തയച്ചിരുന്നു. 'ദ ഹിന്ദു' പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്നലെ മഠത്തിലെത്തിയ മോദി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് സംസാരിച്ചത്. രാഷ്ട്രീയ രംഗം തിരഞ്ഞെടുത്തില്ലായിരുന്നുവെങ്കിൽ താൻ സന്യാസിയായി മാറിയേനെ എന്നും മോദി പറഞ്ഞിരുന്നു.