death-penalty-

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ നിർഭയ കൊലക്കേസിലെ പ്രതികളുടെ മരണത്തിന് കൗൺഡൗൺ തുടങ്ങി. വധശിക്ഷ നടപ്പിലാക്കുന്ന തൂക്കുമരത്തിന്റെ ബല പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം പ്രതികളുടെ ഭാരത്തിനൊത്ത ഡമ്മികൾ ജയിലധികൃതർ തൂക്കിലേറ്റി. ഭാരത്തിനൊത്ത കല്ലുകളാണ് ഡമ്മിയായി ഉപയോഗിച്ചത്. ഈ മാസം 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്. കേസിൽ പ്രതികളായ നാലുപേർക്കാണ് കോടതി തൂക്കുകയർ വിധിച്ചത്. ഈ നാലു പേരെയും ഒരേ സമയം തൂക്കിലേറ്റും. രാവിലെ ഏഴുമണിയോടെയാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. അതേ സമയം വധശിക്ഷയ്‌ക്കെതിരെ തിരുത്തൽ ഹർജിയുമായി രണ്ട് പ്രതികളുടെ അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജികൾ നാളെ അഞ്ചംഗ ബഞ്ച് പരിഗണിക്കുന്നുണ്ട്. തിരുത്തൽ ഹർജി നിരസിക്കുന്ന പക്ഷം ഇരുപത്തിരണ്ടിനു തന്നെ പ്രതികൾ കഴുമരത്തിലേക്ക് നടന്നടുക്കും.

അതേസമയം നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ താൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാരായ പവൻ ജല്ലാദ് ദിവസങ്ങൾക്കു മുൻപേ പ്രസ്താവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഡമ്മി പരിശോധനയിൽ ആരാച്ചാർ പങ്കെടുത്തിരുന്നില്ല. ജയിൽ ഉദ്യോഗസ്ഥരാണ് ഈ ബലപരീക്ഷ നടത്തിയത്. നാലു പ്രതികളെ തൂക്കിലേറ്റുമ്പോൾ ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ആരാച്ചാർക്ക് ലഭിക്കുന്നത്. ഈ തുക കൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് ആരാച്ചാരുടെ ആഗ്രഹം.