dead-body

സൂറത്ത്: മകളായ 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച 37 വയസുകാരനായ പിതാവിന് വധശിക്ഷ നൽകി കോടതി. ഒറീസ സ്വദേശിയായ ഇയാൾക്ക് ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതിയാണ് വധശിക്ഷ വിധിച്ചത്. നിലവിൽ ഇയാൾ സൂറത്ത് സെൻട്രൽ ജയിലിലാണ്. 2017ജൂൺ മുപ്പതിന് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.

ശേഷം പെൺകുട്ടിയുടെ അച്ഛനെ പൊലീസ് മൃതദേഹം വിളിച്ചുവരുത്തിയപ്പോഴാണ് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്താകുന്നത്. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ പെൺകുട്ടി ഗർഭിണി ആയിരുന്നുവെന്നും, കുട്ടിയുടെ അച്ഛനാരാണെന്ന് വെളിപ്പെടുത്താതിരുന്നതിനാലാണ് അവളെ താൻ കൊലപ്പെടുത്തിയതെന്നുമായിരുന്നു ഇയാൾ പറഞ്ഞത്.

എന്നാൽ പൊലീസ് നടത്തിയ ഡി.എൻ.എ ടെസ്റ്റിൽ ഇയാളുടെ കള്ളി വെളിച്ചത്തായി. പെൺകുട്ടിയുടെയും വയറ്റിലുള്ള ഭ്രൂണത്തിന്റെയും ഡി.എൻ.എകളാണ് പൊലീസ് പരീക്ഷണവിധേയമാക്കിയത്. ഇതിൽനിന്നും ഇയാൾ തന്നെയാണ് തന്റെ മകളെ ഗർഭിണിയാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടി തന്റെ വളർത്തുമകൾ ആയിരുന്നുവെന്നും അവളെ താൻ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.

തുടർന്ന് ജൂലൈ ആറിന് ഇയാളെ അറസ്റ്റ് ചെയ്ത് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. വിധിയിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്നും കുറ്റം ചെയ്തയാൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് ലഭിച്ചതെന്നും കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീലുമായി പോകുമെന്നാണ് പ്രതിഭാഗം വക്കീൽ പ്രതികരിച്ചത്.