us-iran-

വാഷിംഗ്ടൺ : അമേരിക്കയ്ക്കൻ ജനതയോട് ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കുന്നു, ലോകം കാതോർത്ത ട്രംപിന്റെ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളേറ്റ് എൺപതിലധികം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു എന്ന വാർത്ത അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തത്. ഒരു യുദ്ധപ്രഖ്യാപനത്തിന്റെ തുടക്കമാകും ട്രംപിന്റെ വാക്കുകൾ എന്ന് കരുതിയാണ് ലോകം അമേരിക്കൻ പ്രസിഡന്റിനായി കാതോർത്തത്. എന്നാൽ യുദ്ധവെറിയനെന്ന ആരോപണത്തിൽ നിന്നും പതിവിൽ നിന്നും വ്യത്യസ്തനായി അമേരിക്ക ഇറാനുമായി തുറന്ന യുദ്ധത്തിനില്ലെന്ന സമാധാന സന്ദേശമാണ് ട്രംപിന്റെ വാക്കുകളിൽ മുഴച്ചു നിന്നത്.

ലോക പൊലീസിന്റെ അന്തസിനേറ്റ പ്രഹരമായിരുന്നു ഇറാഖിലെ അൽ അസദ് എയർ ബേസിലേക്ക് ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ. എന്നാൽ ഇറാൻ അവകാശമുന്നയിക്കുന്ന രീതിയിൽ ആൾനാശമുണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ ചാരത്തലവനെ വധിച്ചതിന് തിരിച്ചടി പ്രതീക്ഷിച്ച അമേരിക്കൻ സൈനിക വിഭാഗങ്ങളുടെ ചാരക്കണ്ണുകൾ ഇറാനെ വിടിതെ പിന്തുടരുകയായിരുന്നു. ഇറാൻ ഇറാഖ് അതിർത്തിക്കടുത്തുള്ള സൈനിക ക്യാമ്പുകളെ ആക്രമിക്കാതെ ഏറ്റവും വലുതും ആയുധ ശേഷിയുമുള്ള അൽ അസദ് എയർ ബേസ് ഇറാൻ ലക്ഷ്യം വയ്ക്കുന്നതായി അമേരിക്കയ്ക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു. സുലൈമാനിയുടെ കബറടക്കത്തിനു ശേഷമായിരിക്കും ഇറാൻ തിരിച്ചടിക്കുകയെന്ന് മനസിലാക്കിയ അമേരിക്ക സൈനിക ക്യാമ്പിൽ നിന്നും സൈനികരെയും ഡ്രോൺ അടക്കമുള്ള ആയുധങ്ങളെയും സുരക്ഷിതമായി മാറ്റിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. രാത്രി ഒന്നരയോടെയാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. എന്നാൽ ഇതിനും രണ്ടരമണിക്കൂറുകൾ മുൻപേ അമേരിക്കൻ സൈനികർ കൂടാരമൊഴിഞ്ഞിരുന്നു.

trunp

ഒരു സൈനികനു പോലും അപകടം സംഭവിച്ചില്ലെന്ന് അമേരിക്ക ഉറപ്പു നൽകുമ്പോൾ ആക്രമിച്ച ക്യാമ്പുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടാണ് ഇറാൻ പ്രതികരിക്കുന്നത്. ഈ ചിത്രങ്ങളിൽ സൈനിക ക്യാമ്പുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ കാണാനാവും. എന്നാൽ ഇറാൻ പ്രതീക്ഷിച്ച രീതിയിൽ സൈന്യത്തിന് നാശനഷ്ടങ്ങളുണ്ടായിരുന്നില്ല. അമേരിക്കൻ സൈനികരെ തങ്ങൾ ആക്രമിക്കുമെന്ന് ഇറാഖിനെ ആക്രമണത്തിന് മുൻപ് ഇറാൻ അറിയിച്ചിരുന്നു. ഈ വിവരവും അമേരിക്ക ചോർത്തിയെടുത്ത് മുൻകൂട്ടി സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കുവാൻ സൈനികർക്ക് നിർദ്ദേശം നൽകി. ഇതു കൂടാതെ ഇറാനിലും സിറിയയിലുമുള്ള ചാരൻമാരിൽ നിന്നും അമേരിക്കയ്ക്ക് വിവരങ്ങൾ ലഭിച്ചിരുന്നു.