ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പന കുത്തകയായ വാൾമാർട്ട് ഇന്ത്യയിലെ സ്റ്റോറുകൾ അടച്ച്പൂട്ടാൻ പദ്ധതിയിടുന്നു. പുതിയ തീരുമാനത്തിന്റെ ഭാഗമായി നൂറ് കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമാവുന്നത്. നിലവിൽ വാൾമാർട്ട് അതിന്റെ മൂന്നിലൊന്ന് ഉന്നത ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്.വാൾമാർട്ട് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് ഇനിയും തുടരുമെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു
അഗ്രി ബിസിനസ് ആന്റ് ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ വൈസ് പ്രസിഡന്റുമാരെയാണ് നിലവിൽ പിരിച്ച് വിട്ടത്. റീട്ടെയിൽ മേഖലയിലൂടെയുള്ള വിൽപനയ്ക്ക് ഭാവി കാണുന്നില്ലെന്നും അതിനാലാണ് കർശന നടപടികൾ സ്വീകരിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. വാൾമാർട്ട് അതിന്റെ റീട്ടെയിൽ സ്റ്റോറുകൾ പൂട്ടുന്നതിലൂടെ നിരവധിപ്പേർക്ക് തൊഴിൽ നഷ്ടമാവും. ഇന്ത്യയിൽ വിവിധ നഗരങ്ങളിലായി 27ലധികം സ്റ്റോറുകൾ വാൾമാർട്ടിന്റെ കീഴിലുണ്ട്.
2018ൽ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ 1.07 ലക്ഷം കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഇന്ത്യൻ ഓൺലൈൻ ഇടത്തിൽ ഒരു യു.എസ് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയായിരുന്നു ഇത്. ഫ്ലിപ്കാർട്ടിന്റെ ഈ-കൊമോഴ്സ് പ്ളാറ്റ് ഫോം ഉപയോഗിച്ച് വിൽപന നടത്താനാണ് കമ്പനിയുടെ തീരുമാനം.അതേസമയം പ്രാദേശിക സ്റ്റോർ ഉടമകളെ സംരക്ഷിക്കുന്നതിനായി ആഗോള ഉപഭോക്തൃ ബ്രാൻഡുകളെ സർക്കാർ പരമാവധി നിയന്ത്രിച്ചിരുന്നു.12 ദശലക്ഷത്തോളം വരുന്ന പ്രാദേശിക ഷോപ്പുകളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത നിയമങ്ങൾ വാൾമാർട്ടിനെയും ആമസോൺ പോലുള്ള ഓൺലൈൻ ബിസിനസിനെയും ബാധിച്ചിട്ടുണ്ട്.