supreme-court

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ നവംബറിൽ ഹർജികൾ പരിഗണിച്ച വേളയിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളിലെ വാദങ്ങളാണ് സുപ്രീം കോടതി കേൾക്കുക. മതാചാരങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോ എന്നുൾപ്പെടെയുള്ള ഏഴ് ചോദ്യങ്ങളിലാണ് കോടതി വാദം കേൾക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ദെ അടക്കമുള്ള വിശാല ബഞ്ചാണ് ഇതിലെ വാദം കേൾക്കുന്നത്.

ഈ ഒൻപതംഗ ബഞ്ച് പുറപ്പെടുവിക്കുന്ന വിധിയുടെ അടിസ്ഥാനത്തിലായിരിക്കും യുവതീപ്രവേശനത്തിന് എതിരായ സമർപ്പിക്കപ്പെട്ട ഹർജികളുടെ കാര്യത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കുക. ശബരിമലയിൽ യുവതീപ്രവേശന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് നിയമപ്രശ്നങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നുവന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ചോദ്യങ്ങൾ വിശാല ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്നും അതുവരെ വിധി പുനഃപരിശോധന സംബന്ധിച്ച ഹർജികൾ നിലനിർത്തണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഏഴംഗ ബെഞ്ച് രൂപീകരിച്ചത്.

പ്രധാനമായും മതസ്വാതന്ത്ര്യം സംബന്ധിച്ചുള്ള ഭരണഘടനയിലെ വ്യവസ്ഥകൾ, 'ഹൈന്ദവ ആചാരങ്ങൾ' എന്ന പ്രയോഗത്തിലെ വ്യക്തത, മതാചാരങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടോ എന്ന വിഷയം, മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം, മതത്തിന്റെയോ വിഭാഗങ്ങളുടെയോ ഒഴിച്ചുകൂടാനാകാത്ത ആചാരങ്ങൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നുണ്ടോ എന്ന വിഷയം, സ്ത്രീകളുടെ ചേലാ കർമം, എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് സുപ്രീം കോടതി കേൾക്കുക.