moon-voyage

ടോക്കിയോ: ആരെയും അമ്പരപ്പിക്കുന്നതാണ് ജപ്പാനിലെ കോടീശ്വരനായ യുസാക്കു മെസാവ നൽകിയ ഓൺലെെൻ പരസ്യം. ചില്ലറക്കാരനല്ല കക്ഷി. സോസോടൗണ്‍ എന്ന ജപ്പാനിലെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയ്ല്‍ വെബ്‌സൈറ്റിന്റെ സ്ഥാപകനാണ് യുസാക്കു. ഏകദേശം 21,000 കോടി രൂപയുടെ ആസ്തിയുണ്ട് അദ്ദേഹത്തിന്.

ഇപ്പോഴിതാ ചന്ദ്രനിലേക്കുള്ള യാത്രയില്‍ കൂട്ടിനായി പെണ്‍സുഹൃത്തിനെ തേടിയാണ് ഈ കോടീശ്വരന്‍ പരസ്യം നൽകിയിരിക്കുന്നത്. അവിവാഹിതയും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകരുമായി ഡേറ്റിംഗ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍സുഹൃത്തിനെ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള യുസാക്കു അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞത്.

ഇതിനുശേഷം പങ്കാളികളില്ലാതിരുന്ന തന്നെ ഏകാന്തത ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ തീരുമാനമെന്നും 44-കാരനായ അദ്ദേഹം പരസ്യത്തില്‍ പറയുന്നു. 2023 ലോ അതിനുശേഷമോ ആയിരിക്കും സ്‌പേസ്എക്‌സിന്റെ ബഹിരാകാശ യാത്രയില്‍ യുസാക്കുവും പങ്കാളിയാവുക. തന്നോടൊപ്പം ഏതാനുംചില കലാകാരന്മാരെ യാത്രയ്‌ക്കൊപ്പം കൂട്ടാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

[WANTED!!!]
Why not be the ‘first woman’ to travel to the moon?#MZ_looking_for_love https://t.co/R5VEMXwggl pic.twitter.com/mK6fIJDeiv

— Yusaku Maezawa (MZ) 前澤友作 (@yousuck2020) January 12, 2020


നേരത്തെ തന്റെ 1,000 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് 9,000 ഡോളര്‍ (ഏകദേശം 6.38 ലക്ഷം രൂപ) വീതം നല്‍കാന്‍ ഇദ്ദേഹം തീരുമാനച്ചിരുന്നു. ആകെ 90 ലക്ഷം ഡോളറാണ് (ഏകദേശം 63.8 കോടി രൂപ) വിതരണം ചെയ്യുന്നത്. നേരത്തെ ഒരു പെയ്ന്റിംഗ് വാങ്ങാന്‍ 57.2 ദശലക്ഷം ഡോളര്‍ മുടക്കിയും ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിലെ എല്ലാ സീറ്റുകളും ബുക്കു ചെയ്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയാണ് അദ്ദേഹം ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയത്.