kaumudy-news-headlines

1. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കില്ല എന്ന് ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച്. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രം പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പുതുതായി ആരെയും കക്ഷി ചേര്‍ക്കാന്‍ അനുവദിക്കില്ല. എല്ലാ ഭാഗങ്ങളും കേള്‍ക്കാനുള്ള അവസരം കോടതിയില്‍ ഉണ്ടാകും എന്നും ചീഫ് ജസ ്റ്റിസ് ബോബ്‌ഡെ


2. വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കാന്‍ ആവശ്യപ്പെട്ട് ചോദ്യങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നത് ആണോ എന്ന് ഇന്ദിരാ ജെയ്സിംഗ്. ശബരിമല യുവതീ പ്രവേശന വിധി തെറ്റാണ് എന്നോ നിയമപരമായി നിലനില്‍ക്കാത്തത് ആണ് എന്നോ ഇതുവരെ ഒരു കോടതിയോ ബെഞ്ചോ പറഞ്ഞിട്ടില്ല എന്നും ഇന്ദിര ജെയ്സിംഗ്. കോടതിയ്ക്ക് മതത്തില്‍ എന്ത് ചെയ്യണം എന്നോ മത ആചാരം എന്താണ് എന്നോ നിര്‍ദ്ദേശിക്കാന്‍ അവകാശം ഇല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണം എന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ പുതിയതായി ആരെയും കക്ഷി ചേര്‍ക്കില്ല എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു
3. കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആണ് ഹാജരായത്. മൂന്ന് ആഴ്ചയക്ക് ഉള്ളില്‍ കേസിന്റെ വിചാരണയ്ക്ക് ആയുള്ള ഒരുക്കങ്ങള്‍ ആരംഭിക്കണം എന്ന് സുപ്രീംകോടതി. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രം പരിഗണിക്കും. എന്നാല്‍ മത വിഷയങ്ങള്‍ സംബന്ധിച്ചവ പരിഗണിക്കില്ല. അതിന് മുന്‍പ് ജനുവരി 17ന് യോഗം ചേരും. ഏതൊക്കെ വിഷയങ്ങള്‍ പരിഗണി്ക്കണം എന്നും ആരൊക്കെ വാദിക്കണം എന്നും യോഗം തീരുമാനിക്കണം എന്നും സുപ്രീംകോടതി
4. മരടില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത നാലു ഫ്ളാറ്റുകളും പൊളിച്ചു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഫ്ളാറ്റുകള്‍ പൊളിക്കണം എന്ന ഉത്തരവ് നടപ്പിലാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് കോടതി വാദം കേള്‍ക്കും. ഫ്ളാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കിയ നിര്‍മാതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ നിയമ നടപടി എന്നിവയിലാണ് കോടതി വാദം കേള്‍ക്കുക. നഷ്ടപരിഹാരം സംബന്ധിച്ച് ഇതു വരെയുള്ള വിവരം നിര്‍മാതാക്കള്‍ക്ക് എതിരെ സ്വീകരിച്ച നിയമ നടപടി എന്നിവ കോടതിയെ സര്‍ക്കാര്‍ ബോധിപ്പിക്കും.
5. സംസ്ഥാനത്ത് തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളുടേയും റിപ്പോര്‍ട്ടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 10 തീരദേശ ജില്ലകളില്‍ കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റികളാണ് പരിശോധന നടത്തിയത്. ഓരോ ജില്ലകളിലും നൂറിലേറെ കയ്യേറ്റങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ജില്ലാ തല റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വിശദമായ പരിശോധന നടത്തി സുപ്രീം കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടില്‍ കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകം ആണ്
6. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രക്ഷോഭവുമായി സംസ്ഥാനത്ത് തെരുവില്‍ ഇറങ്ങിയാല്‍ കേസ് എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ മുന്നറിയിപ്പ്. ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് പ്രതിഷേധവും ആയി തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ട് ഇരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ട എന്നും മുഖം നോക്കാതെ നടപടി എടുക്കണം എന്നുമാണ് നിര്‍ദേശം. എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിര്‍ദേശം കൈമാറിയിട്ട് ഉണ്ട്. ഗതാഗത തടസ്സം, ശബ്ദ മലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് പ്രതിഷേധ പ്രകടനം നടത്തുവര്‍ക്ക് എതിരെ പൊലീസ് കേസ് എടുക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുമ്പോഴാണ് ഡി.ജി.പിയുടെ നിര്‍ദേശം.
7. കളിയിക്കാവിള എ.എസ്.ഐയുടെ കൊലപാതക ആസൂത്രണം നടന്നത് കേരളത്തില്‍ എന്നതിന് കൂടുതല്‍ തെളിവുകള്‍. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി. 7, 8 തീയതികളില്‍ പ്രതികള്‍ പള്ളിയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീട്ടിലാണ് പ്രതികള്‍ താമസിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. അതിനിടെ, പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹത. കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്.
8. രാത്രി 8.45 ഓടെ കടകള്‍ക്ക് അടുത്തുക്കൂടി നടന്ന് പോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നത് ആയാണ് ദൃശ്യങ്ങളില്‍ ഉളളത്. പൊതു പണിമുടക്ക് ദിവസം ആയിരുന്നതിനാല്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ ആയിട്ടില്ല. ബാഗ് നെയ്യാറ്റിന്‍കരയില്‍ ഉളള ഏതെങ്കിലും കടയില്‍ നിന്നാണോ വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനും ആയുളള തിരച്ചില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും ഊര്‍ജ്ജിതമാക്കി. ഇവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തൗഫീഖുമായി അടുത്ത ബന്ധമുള്ള ഇഞ്ചിവിള സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം കേരള പൊലീസ് പിടികൂടിയിരുന്നു. തീവ്രവാദബന്ധം കണ്ടെത്തിയതിനാല്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കാനാണ് സാധ്യത