sexual-abuse

കാസർകോഡ്: ഓഫീസ് മുറി വൃത്തിയാക്കാനെന്ന വ്യാജേന വിദ്യാർത്ഥിനികളെ വിളിച്ചുവരുത്തിയ ശേഷം അവരെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ. കാസർകോട്ടുള്ള ഒരു സ്‌കൂളിൽ അറ്റൻഡറായി ജോലി നോക്കുന്ന ചന്ദ്രശേഖര എന്ന 55 വയസുകാരനാണ് പൊലീസിന്റെ പിടിയിലായത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതും പോക്‌സോ കേസ് ചാർജ് ചെയ്തതും.

അഞ്ചാം ക്‌ളാസിൽ പഠിച്ചിരുന്ന അഞ്ച് പെൺകുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയതിനാണ് കേസ്. ഓഫീസ് റൂം വൃത്തിയാക്കുന്നതിനായി രാവിലെ എട്ടരയ്ക്ക് സ്‌കൂളിലേക്ക് എത്തണമെന്ന് ചന്ദ്രശേഖര കുട്ടികളോട് ചട്ടം കെട്ടിയിരുന്നു. ഇയാളുടെ നിർദ്ദേശത്തെ തുടർന്ന് കുട്ടികൾ സ്‌കൂളിലേക്ക് എത്തിയപ്പോഴാണ് അവരെ ഇയാൾ ഉപദ്രവിച്ചത്.

പെൺകുട്ടികൾ ക്ലാസിൽ വിഷമിച്ചിരിക്കുന്നത് കണ്ട് അതേക്കുറിച്ച് ഇവരുടെ അദ്ധ്യാപിക അന്വേഷിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. ക്‌ളാസിൽ ശ്രദ്ധിക്കാതെയിരുന്നപ്പോൾ കുട്ടികളോട് അദ്ധ്യാപിക കാര്യം തിരക്കുകയായിരുന്നു.

ഇതേ തുടർന്ന് തങ്ങൾക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് കുട്ടികൾ തുറന്നു പറഞ്ഞു. വിവരമറിഞ്ഞ ടീച്ചർ ഒട്ടും വൈകാതെ കുട്ടികളുടെ മാതാപിതാക്കളെയും സ്‌കൂൾ അധികൃതരെയും ചൈൽഡ് ഹെൽപ്പ് ലൈനിനെയും വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തകർ കുട്ടികളുടെ വീടുകളിലേക്ക് ചെന്ന് മൊഴികൾ രേഖപ്പെടുത്തി.