modi

മുംബയ്: പാക് അധീനകാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ശിവസേന. പാക് അധീന കാശ്മീർ വീണ്ടെടുക്കാൻ കരസേനാ മേധാവിയെ അനുവദിക്കണം എന്നാണ് ശിവസേനയുടെ വെല്ലുവിളി. പാക് അധീന കാശ്മീർ തിരിച്ചുപിടിക്കാനുള്ള കേന്ദ്രത്തിന്റെ ഉത്തരവിനായി കാത്തിരിക്കുകയാമെന്ന ഇന്ത്യൻ കരസേന മേധാവി എം.എം നരാവനയുടെ പ്രസ്താവനയെ തുടർന്നാണ് ശിവസേന പ്രതികരണവുമായി രംഗത്തെത്തിയത്. ശിവസേന മുഖപത്രമായ സാംനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


തുക്‌ഡെ-തുക്‌ഡെ ഗ്യാങ്ങുകളെ പൂർണമായും തുടച്ചു നീക്കുന്നത് ഗൗരവമായാണ് സർക്കാർ എടുക്കുന്നതെങ്കിൽ ആദ്യം കേന്ദ്രം സൈന്യത്തിന് ഇന്ത്യയുടെ ഭൂപടം നൽകി, പാക് അധീന കാശ്മീർ വീണ്ടെടുക്കാൻ കരസേനാ മേധാവിയെ അനുവദിക്കണെന്ന് ശിവസേന വ്യക്തമാക്കി.

1994 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റ് ജമ്മുകാശ്മീർനുവേണ്ടി പ്രമേയം പാസാക്കിയിരുന്നു. ഇതനുസരിച്ച ജമ്മുകാശ്മീർ മുഴുവനും, പാക് അധീന കാശ്മീർ ഉൾപ്പെടെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് നരാവനെ വ്യക്തമാക്കിരുന്നു.അതുകൊണ്ടാണ് ജനറൽ നരാവനെയുടെ പുതിയ നയത്തെ ശിവസേന സ്വാഗതം ചെയ്യുന്നത്. കാശ്മീർ വിഷയത്തിൽ ജനറൽ നരവാനെ കേന്ദ്രത്തിൽ നിന്ന് ഉത്തരവുകൾ ചോദിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരം ഉത്തരവുകൾ നൽകും, ഇതാണ് രാജ്യം ആഗ്രഹിക്കുന്നത് എന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിവാദ്യം ചെയ്യുന്നു. ജനറൽ നരാവനെ മോദി-ഷായുടെ ഉത്തരവ് ലഭിച്ചാലുടൻ പാക് അധീന കാശ്മീർ ഇന്ത്യയുടേതാക്കും, തുടർന്ന് വീർസവർക്കറിനെ പുഷ്പങ്ങളാൽ അലങ്കരിക്കുമെന്നും ശിവസേന മുഖപ്രസംഗത്തിലൂടെ പറയുന്നു. തുക്‌ഡെ ഗാങ്ങുകളെ പാഠം പഠിപ്പിക്കാനുള്ള മികച്ച വഴിയാണിതെന്നും ശിവസേന കൂട്ടിച്ചേർത്തു.

മിക്ക ഭീകരവാദ പരിശീലന ക്യാമ്പുകളും പാക് അധീന കാശ്മീരിലാണ് പ്രവർത്തിക്കുന്നത്. പാകിസ്ഥാൻ ആർമിയുടെയും ഐ‌.എസ്‌.ഐയുടെയും പിന്തുണയുള്ലതാണ് ഈ തീവ്രവാദ ക്യാമ്പുകൾ. ഇതേ മേഖലയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് ശേഷവും പാകിസ്ഥാന്റെ ശീലങ്ങളിൽ മാറ്റം വന്നിട്ടില്ലെന്നും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു.