
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടിക അനുസരിച്ചായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്താനായി 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
എൽ.ഡി.എഫും യു.ഡി.എഫും തിരഞ്ഞെടുപ്പ് നടത്തുന്നതിനായി 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണമെന്ന് അറിയിച്ചിരുന്നു. 2019ലെ വോട്ടർ പട്ടിക തിരഞ്ഞെടുപ്പിന് അടിസ്ഥാനമാകുകയാണെങ്കിൽ 10 കോടിയോളം രൂപ ചിലവ് വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇരു മുന്നണികളുടെയും അപേക്ഷകൾ നിരാകരിച്ചത്.
അതേസമയം 2015ലെ കരട് വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർത്ത് പുതുക്കാവുന്നതാണെന്നും കമ്മീഷണർ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി ജില്ലാ തലത്തിൽ ചർച്ചകൾ നടത്തുമെന്നും ആശങ്കകൾ മാറ്റുമെന്നും വി. ഭാസ്കരൻ വ്യക്തമാക്കിയിട്ടുണ്ട്.