ശബരിമല:സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള 2020​ലെ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകൻ ഇളയരാജയ്ക്ക്. ഒരു ലക്ഷം രൂപയും, ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മകരവിളക്ക് ദിനമായ 15 ന് രാവിലെ 9 ന് സന്നിധാനം വലിയ നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകും. രാജു എബ്രഹാം എം.എൽ എ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ബോർഡ് അംഗങ്ങളായ കെ.എസ്.രവി, എൻ.വിജയകുമാർ, ആന്റോ ആന്റണി എം.പി ,ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ദേവസ്വം ഓംബുഡ്‌സ്മാൻ പി.ആർ.രാമൻ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ്, ശബരിമല ഹൈപവർ കമ്മിറ്റി മുൻ ചെയർമാൻ കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ജ്യോതിലാൽ പ്രശസ്തിപത്രം വായിക്കും. തുടർന്ന് ഇളയരാജയുടെ സംഗീത വിരുന്നും ഉണ്ടാകും.